കൊല്‍ക്കത്ത : ബംഗാളിലെ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ സിആര്‍പിഎഫ് എത്തി. കൊല്‍ക്കത്തയിലെ സിബിഐ ഡയറക്ട്രേറ്റ് ഓഫീസിനു ചുറ്റും സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്.
കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണിത്. സിബിഐ ഓഫീസിലെത്തിയ പൊലീസ് സംഘം നിര്‍ണ്ണായകമായ പല തെളിവുകളും നശിപ്പിച്ചതായി സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു വ്യക്തമാക്കി.
അതേ സമയം സിബിഐയുടെ പുതിയ ഡയറക്ടറായി തെരഞ്ഞെടുത്ത ആര്‍ കെ ശുക്ല ഡല്‍ഹിയിലെത്തി, ഇന്ന് രാത്രിയോടെ അദ്ദേഹം ചുമതലയേല്‍ക്കും. ബംഗാള്‍ സര്‍ക്കാരിനെതിരെ സിബിഐ നാളെ സുപ്രീം കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെയാണ് അറസ്റ്റ് നടന്നത്.
Discussion about this post