ന്യൂഡല്‍ഹി: സിബിഐ-പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു തിരിച്ചടി. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നു രാജീവ് കുമാറിനു നിര്‍ദേശം നല്‍കിയ ചീഫ് ജസ്റ്റീസ്, കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്നീട് പരിഗണിക്കാമെന്നു വ്യക്തമാക്കി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് കോടതി താല്‍ക്കാലികമായി വിലക്കി. ഷില്ലോംഗില്‍വച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനും കോടതി നിര്‍ദേശിച്ചു. ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ പ്രത്യേക അന്വേഷണ സംഘ തലവനായ രാജീവ് കുമാര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നു സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്കു വേണ്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലീസ് നടപടിക്കെതിരേ സിബിഐ ഞായറാഴ്ച തന്നെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇന്നലെ വിഷയം ഉന്നയിച്ചപ്പോള്‍ വിഷയത്തില്‍ അടിയന്തര പ്രാധാന്യം എന്തെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ ചോദ്യം.
Discussion about this post