പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ ശക്തമായ പ്രതിരോധ സമരം തുടരുമെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.
തീര്‍ത്ഥാടന കാലത്തെപ്പോലെ പമ്പ മുതല്‍ സന്നിധാനം വരെ നാമജപവുമായി പ്രതിഷേധക്കാര്‍ തമ്പടിക്കുമെന്നാണ് സൂചന. എന്നാല്‍ പ്രതിഷേധക്കാരെത്തുമെന്ന വിവരത്തെ തുടര്‍ന്ന് നാളെ മുതല്‍ നട അടയ്ക്കുന്ന 17ന് രാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീകോടതി വിധി പറയാന്‍ മാറ്റിയ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നാളെ നട തുറക്കുന്നത്. ദര്‍ശനം നടത്താന്‍ യുവതികള്‍ വീണ്ടുമെത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ച സാഹചര്യത്തില്‍ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നും യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. നാളെ രാവിലെ പത്തിനു ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രമേ ഭക്തരെയും മാദ്ധ്യമങ്ങളെയും പമ്പയിലേക്കും സന്നിധാനത്തേക്കും വിടുകയുള്ളൂ.
എ.ഡി.ജി.പിമാരായ അനില്‍കാന്തിനും അനന്തകൃഷ്ണനുമാണ് സുരക്ഷാ ചുമതല. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ മൂവായിരം പൊലീസുകാരെ വിന്യസിക്കും.
Discussion about this post