തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍രൂപകല്‍പന ചെയ്യുന്നതിനുള്‍പ്പെടെ സഹായകമാവുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഡിസൈന്‍ കേരളത്തില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കളമശേരി ടെക്നോളജി ഇന്നൊവേഷന്‍ സോണിലാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുക. ഡിസൈന്‍ രംഗത്തെ ലോകത്തെ വന്‍കിട കമ്പനികള്‍ ഇവിടേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചില കമ്പനികളുമായി ഉടന്‍ ധാരണാപത്രം ഒപ്പുവയ്ക്കും. ഇന്നൊവേഷന്‍ സോണില്‍ 15,000 ചതുരശ്ര അടി സ്ഥലമാണ് ഇതിനായി നിശ്ചിയിച്ചിരിക്കുന്നത്.
ഡിസൈന്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍, ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, ഉത്പന്ന ഡിസൈന്‍ സ്ഥാപനങ്ങള്‍ തുടങ്ങി ഡിസൈനുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാവും ഇവിടെയുണ്ടാവുക.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ഹാഷ് ഡിസൈന്‍ എന്ന പരിപാടിയെ തുടര്‍ന്നാണ് കേരളത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഡിസൈന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയാരംഭിച്ചത്. കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്‍പ്പെടെ 1800 ഓളം കമ്പനികള്‍ വിവിധ ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന് നല്ല ഡിസൈന്‍ ഉണ്ടാവാറില്ല. ഡിസൈന്‍ കേന്ദ്രം വരുന്നതോടെ ഇതിന് പരിഹാരമാകും. മികച്ച രൂപകല്‍പന ലഭിക്കുന്നതോടെ കൂടുതല്‍ വിപണിയും കണ്ടെത്താനാവും.
Discussion about this post