വിഴിഞ്ഞം: ആഴിമലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ബാലരാമപുരം പുന്നയ്ക്കാട് തലയല്‍ നൈന്നാംകോണം ഐശ്വര്യ ഭവനില്‍ കുഞ്ഞുമോന്‍ – സീമ ദമ്പതികളുടെ മകന്‍ കെ.എസ്. അഭിജിത്ത് (16) നെയാണ് കാണാതായത്. ഓലത്താന്നി വിക്ടറി വി.എച്ച്.എസ്.എസിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടം. അടിയൊഴുക്കില്‍പ്പെട്ട് കടലില്‍ മുങ്ങി താഴ്ന്ന അഭിജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്ത് ആകാശിന്റെ കാലിനും കൈയ്ക്കും പരുക്കുണ്ട്. മറ്റൊരു സുഹൃത്ത് അനില്‍കുമാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് , അഗ്‌നിശമന സേന എന്നിവര്‍ എത്തി തിരച്ചില്‍ നടത്തി. രാത്രി നിറുത്തിവച്ച തിരച്ചില്‍ ഇന്നും തുടരും. ഒപ്പമുണ്ടായിരുന്ന ഏഴു പേരെയും സ്റ്റേഷനില്‍ വരുത്തി മൊഴിയെടുത്ത ശേഷം രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു. ആദര്‍ശ്, ആകാശ് എന്നിവരാണ് അഭിജിത്തിന്റെ സഹോദരങ്ങള്‍.
Discussion about this post