ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം നടത്തിയ ഭീകരസംഘടനകള്‍ക്കെതിരെ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ഭീകരാക്രമണത്തിനു പിന്നിലുള്ള ശക്തികള്‍ക്കും ഉത്തരവാദിയായവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരര്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന് അവര്‍ക്ക് വലിയ വില നല്‍കേണ്ടിവരും. സുരക്ഷാ സേനയ്ക്കു എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. അവരുടെ ധീരതയില്‍ രാജ്യത്തിനു വിശ്വാസമുണ്ട്. ഭീകരാക്രമണത്തിനു പിന്നുലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും. പാക്കിസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയാണ്. ഇന്ത്യയേയും ഇത്തരം ആക്രമണത്തിലൂടെ അസ്ഥിരപ്പെടുത്താനാണ് അയല്‍ രാജ്യം വ്യാമോഹിക്കുന്നത്. എന്നാല്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. രാവിലെ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ എല്ലാ സേനാ മേധാവികളും പങ്കെടുത്തിരുന്നു. തിരിച്ചടിക്കാന്‍ സേനകള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയതായാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. രാജ്യത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രാഷ്ട്രീയം കാണരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post