തിരുവനന്തപുരം: നിര്‍ഭയമായും നിഷ്പക്ഷമായും ആദിവാസികള്‍ സമ്മതിദാനവകാശം വിനിയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായ ഇടപെടല്‍ നടത്തണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ റ്റി.ആര്‍.മീണ അഭിപ്രായപ്പെട്ടു. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ജനാധിപത്യ പ്രക്രിയ ഒരുത്സവം പോലെ ഊരുകളില്‍ ആഘോഷിക്കപ്പെടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
‘കാടിന്റെ മക്കള്‍ക്കായുളള തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി 2019’ ന്റെ ഭാഗമായി നടത്തുന്ന തെരുവ് നാടകത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിച്ചല്‍ പഞ്ചായത്തില്‍ മണ്ണാംകോണം സാംസ്‌കാരിക നിലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗത്തില്‍പ്പെട്ട എല്ലാ സമ്മതിദായകരേയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടിംഗ് മെഷീന്‍/വി.വി.പാറ്റ് എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ജില്ലകളില്‍ (തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്) പട്ടികവര്‍ഗ്ഗ ഊരുകള്‍ കേന്ദ്രീകരിച്ച് തെരുവുനാടകങ്ങള്‍ നടത്തുന്നത്.
ആദിവാസി വോട്ടര്‍മാരെ തെറ്റായരീതിയില്‍ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി കൈക്കൊള്ളും. ഓരോ വോട്ടറും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരത്തണം. ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ ബൂത്ത്ലെവല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണം. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആദിവാസി സമൂഹം വളരണം അതിലൂടെ ജീവിതത്തില്‍ അടിമുടി മാറ്റം കൊണ്ടുവരാന്‍ കഴിയും. ആദിവാസികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുമായുളള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ (1950) ഏര്‍പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Discussion about this post