ന്യൂഡല്‍ഹി: ഭീകരവാദവും ഭീകരതയും തീവ്രവാദവും പൊതുവിഷയമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇന്ത്യയുമായും ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായും സൗദിയുടെ പക്കലുള്ള രഹസ്യാന്വേഷണ വിവരങ്ങളും മറ്റും പങ്കുവയ്ക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഭീകരവാദത്തിനെതിരായ നീക്കങ്ങളില്‍ മുഖ്യ പങ്കു വഹിക്കുന്ന ഇന്ത്യയോട് നന്ദിയുണ്ടെന്നു സൗദി രാജകുമാരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വിശദമായ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് സൗദി കിരീടാവകാശി നയം അറിയിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ സമ്മര്‍ദം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ നിലപാടില്‍ സൗദിക്കും ഇന്ത്യക്കും ഏകാഭിപ്രായമാണെന്ന് മോദി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ നിലപാടാണുള്ളത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയാണ് ഇന്ത്യയുടെ ഊര്‍ജ സുരക്ഷയുടെ നെടുംതൂണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ്ഓയിലിന്റെ 17 ശതമാനവും പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും സൗദിയില്‍ നിന്നുള്ളതാണ്. അടിസ്ഥാന സൗകര്യ വികസനം, പരസ്പര നിക്ഷേപം, ടൂറിസം, പ്രക്ഷേപണം, ഭവന നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും ധാരണപത്രങ്ങളില്‍ ഒപ്പുവച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് സൗദി രാജകുമാരന്‍ ഡല്‍ഹിയില്‍ നിന്നു മടങ്ങും.
Discussion about this post