ഗോരഖ്പുര്‍: കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കാണരുതെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയില്‍ രാഷ്ട്രീയമായ വേര്‍തിരിവു കാണിച്ചാല്‍ കര്‍ഷക ശാപത്തില്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കു ധനസഹായം നല്കുന്ന പിഎം-കിസാന്‍ പദ്ധതി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ എത്രയും വേഗം പിഎം -കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കണം. പദ്ധതിവഴി ഓരോ വര്‍ഷവും 75,000 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഗഡുവായ 2000 രൂപ ഇന്നുതന്നെ ഒരു കോടിയിലേറെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നല്കും. മൊത്തം 12 കോടി പേര്‍ക്കു പ്രധാ നമന്ത്രി കിസാന്‍ സമ്മാനനിധിയില്‍നിന്നു പണം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനകം രേഖകള്‍ അപ്ലോഡ് ചെയ്തത് ഒരു കോടിയില്‍പരം പേരാണ്. ഇവര്‍ക്ക് ഇന്നുതന്നെ പണം അക്കൗണ്ടില്‍ എത്തും. മൂന്നു ദിവസത്തിനകം വേറെ ഒരു കോടി പേര്‍ക്കുകൂടി പണം നല്കും. വര്‍ഷത്തില്‍ മൂന്നു തവണയായി 6000 രൂപ ഓരോ കര്‍ഷകനും ലഭിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് അര്‍ഹത.
Discussion about this post