ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകര താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തി. അതേസമയം പാക്ക് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും ഇന്ത്യന്‍ വ്യോമസേന അതീവ ജാഗ്രതയിലാണ്. പഞ്ചാബിലേയും ഹിമാചല്‍പ്രദേശിലെയും അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാക്കിസ്ഥാനും അതിര്‍ത്തിയില്‍നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വ്യോമസേന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കരസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മുസാഫരാബാദില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങള്‍ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ഇന്ത്യന്‍ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങളില്‍നിന്ന് ആയിരം കിലോയോളം ബോംബുകള്‍ ഭീകരകേന്ദ്രങ്ങളില്‍ സൈന്യം വര്‍ഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളില്‍ ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് ഭീകരക്യാമ്പുകള്‍ പൂര്‍ണമായും നശിച്ചു. മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post