ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ അസറിനെതിരെ നടപടി എടുക്കണമെങ്കില്‍ ഇന്ത്യ വ്യക്തമായ തെളിവുകള്‍ നല്‍കണമെന്ന് ഖുറേഷി പറഞ്ഞു. തന്റെ അറിവനുസരിച്ച് മസൂദ് അസര്‍ ഇപ്പോള്‍ പാക്കിസ്ഥാനിലുണ്ട്. എന്നാല്‍ അസറിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജയ്ഷ് ഇ മുഹമ്മദ് തലവനെന്നും ഖുറേഷി പറഞ്ഞു. സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ബുധനാഴ്ച്ച ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അസറിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിനും ഖുറേഷി പ്രതികരിച്ചു. പാക്കിസ്ഥാനിലെ കോടതികള്‍ അംഗീകരിക്കുന്ന തെളിവുകള്‍ ഇന്ത്യ ഹാജരാക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അസറിനെ ആഗോളഭീകരനായ പ്രഖ്യാപിക്കണമെന്ന് യുഎസും യുകെയും ഫ്രാന്‍സും സംയുക്തമായി യുഎന്നില്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ പ്രതികരണം. പ്രശ്‌നങ്ങള്‍ക്ക് അയവുവരുത്താനുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുന്നു. അവരുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാം. വിവേകപരമായി നടപടി എടുക്കുമെന്നും ഖുറേഷി പറഞ്ഞു. ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ മസൂദ് അസറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നതിനു പുറമേ ആയുധവിലക്കും ഉണ്ടാകും.
Discussion about this post