തിരുവനന്തപുരം: ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും പുതിയ മുഖച്ഛായ നല്‍കാനും പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
തലസ്ഥാന ജില്ലയില്‍ മാത്രം 125 കോടി രൂപയുടെ വികസന പദ്ധതികളാണ് ടൂറിസം മേഖലയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക ടൂറിസം മാപ്പില്‍ ഇടം പിടിച്ച ശംഖുംമുഖത്തിന് വേലിയേറ്റത്തില്‍ തീരവും മനോഹാരിതയും നഷ്ടമായി. ഇത് തിരിച്ചുപിടിക്കുന്നതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് സൗകര്യവും വര്‍ധിപ്പിക്കാന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.
ജില്ലയില്‍ പൊന്‍മുടിയില്‍ പുതിയ കോട്ടേജുകളും വാച്ച് ടവറും പാര്‍ക്കും ഒരുക്കി. കനകക്കുന്നില്‍ ആറുകോടിയുടെ ഡിജിറ്റല്‍ മ്യൂസിയം ആരംഭിക്കുന്നു. ചെമ്പഴന്തയില്‍ കണ്‍വെന്‍ഷന്‍ സെന്ററും ഡിജിറ്റല്‍ മ്യൂസിയവും വരുന്നു. വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് വിദേശികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് മാറ്റുന്നു. മടവൂര്‍പ്പാറ, ചാല പൈതൃക പദ്ധതികള്‍ പുരോഗമിക്കുന്നു. വേളിയിലും ആക്കുളത്തും ഒട്ടേറെ വികസന പദ്ധതികള്‍ പുരോഗമിക്കുന്നു. തിരുവിതാംകൂറിന് മൊത്തമായി പൈതൃക പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം മാലിന്യമുക്തമായും പ്ലാസ്റ്റിക് മുക്തമായും പരിപാലിക്കുന്ന രീതിയില്‍ നമ്മുടെ സമീപനത്തിലും മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.
1.21 കോടി രൂപയില്‍ പൂര്‍ത്തീകരിച്ച നവീകരണ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Discussion about this post