ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമിയുടെ അവകാശ തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ട് സുപ്രീംകോടതി. ഇതിനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. റിട്ട. ജസ്റ്റീസ് ഖലീഫുള്ള ഖാന്‍ അധ്യക്ഷനായ സമിതിയില്‍ അഭിഭാഷകനായ ശ്രീറാം പഞ്ചു, ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരും അംഗങ്ങളാണ്. സമിതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയോഗിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്ക ഭൂമിയായ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് മധ്യസ്ഥ സമിതിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. അതീവ രഹസ്യസ്വഭാവത്തിലുള്ളതാവും ചര്‍ച്ചകള്‍. മധ്യസ്ഥ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ല. ഇവ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാധ്യമവിലക്കുമുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം. എട്ടാഴ്ചയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. എട്ടാഴ്ചകള്‍ക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ നാല് ആഴ്ചയ്ക്കു ശേഷം ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകളില്‍ രമ്യമായ പരിഹാരം ഉണ്ടായാല്‍ അതാവും കേസിന്റെ അന്തിമ വിധിയെന്ന് ഇതിനകം തന്നെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അതീവ പ്രാധാന്യമാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് കോടതി കല്‍പ്പിച്ചിരിക്കുന്നത്. കേസിലെ കക്ഷികളായ നിര്‍മോഹി അഘാഡ, രാംലല്ല എന്നിവരും ഉത്തര്‍പ്രദേശ് സര്‍ക്കാരും നേരത്തെ തന്നെ മധ്യസ്ഥ ശ്രമങ്ങളെ തള്ളിയിരുന്നു. സുന്നി വഖഫ് ബോര്‍ഡ് മാത്രമാണ് മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചത്. രാം ലല്ലയുടേയും യുപി സര്‍ക്കാരിന്റെയും എതിര്‍പ്പിനെ മറികടന്നാണ് കോടതി മധ്യസ്ഥരെ നിയോഗിച്ചിരിക്കുന്നത്. മധ്യസ്ഥ ശ്രമം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇത് പരാജയപ്പെടും എന്നാണോ കക്ഷികള്‍ പറയുന്നതെന്നായിരുന്നു കോടതിയുടെ ഇക്കാര്യത്തിലെ രൂക്ഷ പ്രതികരണം. 2010 ലും 2017 ലും കേസില്‍ മധ്യസ്ഥതയ്ക്കു ശ്രമം ഉണ്ടായിരുന്നെങ്കിലും തുടക്കത്തില്‍ തന്നെ ഇത് പരാജയപ്പെടുകയായിരുന്നു. യുപി സര്‍ക്കാരും രാം ലല്ലയുമാണ് അന്നും മധ്യസ്ഥതയെ എതിര്‍ത്തത്. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമി രാം ലല്ലയ്ക്കും നിര്‍മോഹി അഘാഡയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും തുല്യമായി വീതിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post