ശബരിമല: ശബരിമലയില്‍ ആറാട്ട് ഉത്സവം ഇന്ന്. രാവിലെ പത്തരയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയില്‍ എത്തും. പമ്പയില്‍ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ഉച്ചയോടെ ആറാട്ട് ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇതിന് ശേഷം ശീവേലി ബിംബം പമ്പ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വയ്ക്കും.
വൈകിട്ട് നാല് മണിയോടെ ശീവേലി ബിംബം സന്നിധാനത്തേക്ക് തിരികെ എഴുന്നള്ളിക്കും. ആറ് മണിയോടെ തിരിച്ചെഴുന്നള്ളത്ത് സന്നിധാനത്ത് എത്തിച്ചേരുന്നതോടെയാണ് പത്ത് നാള്‍ നീണ്ട ഉത്സവത്തിന് സമാപനമാകുന്നത്. രാത്രിയാണ് കൊടിയിറക്കം.
അതേസമയം ഇന്ന് പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിഷു പൂജയ്ക്കായി ശബരിമല നട അടുത്ത മാസം തുറക്കും.
Discussion about this post