ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ (48) സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ ഇയാളെ ജയിലില്‍ അടച്ചു.
മദ്ധ്യ ലണ്ടനിലെ ഹോള്‍ബോണില്‍ ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായ നീരവ് മോദിയെ ഇന്നലെ രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്.
ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള നീരവ് മോദിക്കെതിരെ വഞ്ചന, പണം തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിയമനടപടികളുടെ തുടക്കമാണ് അറസ്റ്റ്. ഇയാളെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബ്രിട്ടന് നല്‍കിയത്. അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് അംഗീകരിച്ച് ഈ മാസം ആദ്യം വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിക്ക് വിട്ടിരുന്നു. കോടതി കഴിഞ്ഞ ആഴ്ച വാറണ്ട് പുറപ്പെടുവിച്ചെങ്കിലും തിങ്കളാഴ്ചയാണ് ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്. പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തക്ക കുറ്റകൃത്യം ഉണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിന്റെ തെളിവാണ് അറസ്റ്റ് വാറണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നീരവ് മോദിയും അമ്മാവന്‍ മെഹുള്‍ ചോക്സിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അടുത്തിടെ ബ്രിട്ടീഷ് പത്രമായ ഡെയ്ലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടറും കാമറാമാനും നീരവ് മോദിയെ ലണ്ടനിലെ തെരുവില്‍ കണ്ടെത്തിയിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം നോ കമന്റ്സ് എന്ന് മാത്രം പ്രതികരിച്ച് സ്ഥലം വിട്ട ഇയാളുടെ വിവരങ്ങള്‍ പത്രം കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒട്ടകപ്പക്ഷിയുടെ തുകല്‍ കൊണ്ട് നിര്‍മ്മിച്ച പത്ത് ലക്ഷം രൂപ വിലയുള്ള കോട്ടാണ് നീരവ് മോദി അപ്പോള്‍ ധരിച്ചിരുന്നത്. മാസം പത്ത് ലക്ഷത്തിലധികം രൂപ വാടകയുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് താമസമെന്നും ബ്രിട്ടനില്‍ ജോലിചെയ്യാനുള്ള ദേശീയ ഇന്‍ഷ്വറന്‍സ് നമ്പര്‍ ഇയാള്‍ക്കുണ്ടെന്നും ലണ്ടനില്‍ പുതിയ വജ്ര വ്യാപാരം തുടങ്ങിയെന്നും പത്രം കണ്ടെത്തിയിരുന്നു.
ലണ്ടനിലെ മെട്രോ ബാങ്കിന്റെ ശാഖയില്‍ നിന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. പുതിയ അക്കൗണ്ട് തുറക്കാന്‍ എത്തിയതായിരുന്നു.അടുത്തിടെ മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് നീരവിനെ തിരിച്ചറിഞ്ഞ ബാങ്ക് ക്ലാര്‍ക്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. കേസിന്റെ പബ്ലിസിറ്റി കൂടുന്ന പസ്ചാത്തലത്തില്‍ ലണ്ടനിലെ ഒരു പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ച് കീഴടങ്ങാനുള്ള പദ്ധതിയാണ് ഇതോടെ പൊളിഞ്ഞതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പൊലീസിന്റെ കുറ്റവാളികളുടെ കൈമാറ്റച്ചുമതലയുള്ള വിഭാഗവും നീരവ് മോദിയുടെ അഭിഭാഷകരും തമ്മില്‍ കീഴടങ്ങല്‍ ധാരണയില്‍ എത്തിയിരുന്നുവത്രേ.
ഇന്ത്യയിലെ ബാങ്കുകളെ 9,000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ കേസിന്റെ വഴിയേ ആണ് നീരവ്‌മോദി കേസും. ലണ്ടനില്‍ അറസ്റ്റിലായ മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദും മജിസ്ട്രേട്ട് കോടതിയും ഉത്തരവിട്ടെങ്കിലും അതിനെതിരായ മല്യയുടെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. 2017ഏപ്രില്‍ 18ന് അറസ്റ്റിലായ മല്യയ്ക്ക് അന്ന് തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത് രണ്ടു പേരെയാണ്. വിജയ് മല്യയെയും ക്രിക്കറ്റ് വാതുവയ്പ് കേസില്‍ പ്രതിയായ സഞ്ജീവ് ചൗളയെയും. ചൗളയുടെ വിചാരണ പൂര്‍ത്തിയായി.
Discussion about this post