തിരുവനന്തപുരം: സംസ്ഥാനത്ത് 4752 സ്‌കൂളുകളിലെ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഉപകരണങ്ങള്‍ അവധിക്കാലത്ത് ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സ്‌കൂളുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലര്‍ കൈറ്റ് പുറത്തിറക്കി.
ലാപ്ടോപ്പുകള്‍ ശരിയായി ഷട്ട് ഡൗണ്‍ ചെയ്ത് പവര്‍ അഡാപ്റ്റര്‍ വിച്ഛേദിച്ച് ബാഗില്‍ സൂക്ഷിക്കണം. അവധിക്കാലത്ത് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഇവ ഓണ്‍ ആക്കുകയോ ചാര്‍ജ് ചെയ്യുകയോ വേണം. ലാപ്ടോപ്പിനു മുകളില്‍ ഭാരമുള്ള വസ്തുക്കള്‍ വെക്കുകയോ ബാഗുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വെയ്ക്കുകയോ ഡിസ്പ്ലേ വളയ്ക്കുകയോ ചെയ്യരുത്, മള്‍ട്ടിമീഡിയാ പ്രൊജക്ടര്‍ ഓഫാക്കി പവര്‍ കേബിളുകള്‍ വിച്ഛേദിച്ച് പൊടി, വെള്ളം തുടങ്ങിയവ വീഴാത്തവിധവും ചെറുജീവികള്‍ അകത്ത് പ്രവേശിക്കാത്ത വിധവും പൊതിഞ്ഞു സൂക്ഷിക്കേണം. റിമോട്ടിന്റെ ബാറ്ററി അഴിച്ചു വെക്കണം.
ഡി.എസ്.എല്‍.ആര്‍ ക്യാമറ ഉപയോഗിക്കാത്ത അവസരങ്ങളില്‍ ബാറ്ററി ക്യാമറയില്‍ നിന്നും വേര്‍പെടുത്തി സൂക്ഷിക്കണം. ക്യാമറയില്‍ പൊടി, ഉപ്പ്, മണല്‍, ഈര്‍പ്പം തുടങ്ങിയവയുടെ സാന്നിദ്ധ്യം ഉണ്ടാകരുത്. ക്യാമറാ ബാഗിനുള്ളില്‍ സിലിക്ക ജെല്ലുകള്‍ വെയ്ക്കുന്നത് ഈര്‍പ്പത്തില്‍ നിന്നും സംരക്ഷിക്കും. യു.എസ്.ബി. സ്പീക്കറുകളും ഈര്‍പ്പം തട്ടാത്തവിധം സൂക്ഷിക്കണം. ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ പവര്‍ കേബിളുകള്‍ അഴിച്ചു വെക്കണം.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് സ്‌കൂള്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ ഐ.ടി. അഡൈ്വസറി കമ്മിറ്റിയുടെ മിനിറ്റ്സ് രൂപത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനക്കായി ലഭ്യമാക്കാന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കണമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സര്‍ക്കുലറും വീഡിയോയും www.kite.kerala.gov.in ല്‍ ലഭ്യമാണ്.
Discussion about this post