ജനീവ: സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്ന നിയമ ഭേദഗതിക്ക് സ്വിസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നികുതി വെട്ടിപ്പുകാരുടെയും കള്ളപ്പണ നിക്ഷേപകരുടെയും പേരിനും വിലാസത്തിനും പുറമേ മറ്റു തിരിച്ചറിയല്‍ സൂചനകള്‍കൂടി കൈമാറാനാവുംവിധമാണ് നിയമം ഇളവുചെയ്തത്. സ്വിസ് ബാങ്കുകളിലെ കള്ളപ്പണനിക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഇന്ത്യയ്ക്ക് ഇത് സഹായകമാവും.
നാളിതുവരെ നിക്ഷേപകരുടെ പേരും വിലാസവും മാത്രമേ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നുള്ളൂ. നികുതിനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിയമഭേദഗതിക്ക് വെള്ളിയാഴ്ച സ്വിസ് പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്‍കി. ഈ നിയമപ്രകാരം സ്വിറ്റ്‌സര്‍ലാന്റുമായി ഇരട്ട നികുതി കരാര്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ക്ക് സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള തങ്ങളുടെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും.
പാരീസ് ആസ്ഥനമായുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റേയും ജി-20 രാജ്യങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാന്‍ സ്വിസ് സര്‍ക്കാര്‍ തയ്യാറായത്.
വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപം സംബന്ധിച്ച വിവരം കണ്ടെത്തി കര്‍ശനനടപടിയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും കോടതികളും കേന്ദ്രസര്‍ക്കാറിനുമേല്‍ നിരന്തരസമ്മര്‍ദം ചെലുത്തിവരികയാണ്. എന്നാല്‍, സ്വിറ്റ്‌സര്‍ലന്‍ഡടക്കമുള്ള പല രാജ്യങ്ങളിലെയും കര്‍ശനമായ നിയമങ്ങള്‍മൂലം ഇത് സാധ്യമാവുന്നില്ല. ഈ സാഹചര്യത്തില്‍ സ്വിസ് പാര്‍ലമെന്റിന്റെ പുതിയ തീരുമാനങ്ങള്‍ കേന്ദ്രത്തിന് ആശ്വാസം പകരും.
Discussion about this post