ഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രമെന്ന് ഇപ്പോള്‍ തെളിയുകയാണ്. മുപ്പത്തിമൂവായിരംകോടിരൂപയുടെ സ്വര്‍ണ്ണനിക്ഷേപം ഉള്ള തിരുപ്പതി വെങ്കിടാചലസ്വാമിക്ഷേത്രമാണ് ഭാരതത്തിലെ ഏറ്റവും സമ്പത്തുള്ളക്ഷേത്രമെന്നാണ് കരുതിയിരുന്നത്. ആ സമ്പന്നത ആ ക്ഷേത്രത്തിലും തിരുപ്പതിവെങ്കിടാചലപതിയുടെ വിഗ്രഹത്തിലും മാത്രമല്ല തീര്‍ത്ഥാടകപ്രവാഹത്തിലും ദൃശ്യമായിരുന്നു. ഇവിടെയാണ് സമാനതകളില്ലാത്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം സൂര്യതേജസോടെ വിളങ്ങുന്നത്. ലളിതമായി ജീവിതംനയിച്ച ശ്രീപത്മനാഭദാസന്മാരായ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പോലെതന്നെയായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബാഹ്യാഡംബരങ്ങളും. അതേസമയം നിഷ്‌ഠകളിലോ പൂജാദികര്‍മ്മങ്ങളിലും ഒരുവിട്ടുവീഴ്‌ചയും ഇല്ലതാനും.
വളരെവിശാലമായ ചുറ്റമ്പലമുള്ള ഈ ക്ഷേത്രത്തില്‍ അതിന്റെ പ്രശസ്‌തിയ്‌ക്കനുസരിച്ച് തീര്‍ത്ഥാടകര്‍ എത്തിയിരുന്നോ എന്നും സംശയമാണ്. എന്നാല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ അതിപ്രധാനമായ സ്ഥാനം ലഭിക്കുന്നതിന് പുതിയ കണ്ടെത്തല്‍കാരണമാകുമെന്ന് ഉറപ്പാണ്.
ഇതുവരെ കണ്ടെത്തിയ നിധിയുടെ കണക്കനുസരിച്ച് ഇനിയുള്ള അറകള്‍കൂടി തുറക്കുമ്പോള്‍ മൊത്തം ഒരുലക്ഷംകോടി രൂപയുടെയെങ്കിലും നിധി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന്റെ പുരാവസ്‌തുമൂല്യംകൂടി കണക്കാക്കുമ്പോള്‍ അത് രണ്ടോമൂന്നോലക്ഷംകോടിയായി വര്‍ദ്ധിക്കുകയും ചെയ്യും. ഈ അളവറ്റ സമ്പത്തിന് ഉടമയായിരുന്ന ശ്രീപത്മനാഭസ്വാമിയുടെ ദാസന്മാരായി നാടുഭരിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയുടെ മൂല്യം ഇപ്പോള്‍ കണ്ടെടുത്ത നിധിയേക്കാള്‍ വലുതാണ്.
`ധര്‍മ്മമാണ് കുലദൈവം’ എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര. ധര്‍മ്മം ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സമ്പത്താണ്. ധര്‍മ്മത്തില്‍ മുറുകെപിടിച്ചാകണം രാജാവും പ്രജകളും ജീവിക്കേണ്ടത് എന്നതാണ് ആര്‍ഷ പാരമ്പര്യം. അത് അടിമുടി പിന്‍തുടര്‍ന്ന രാജവംശമാണ് തിരുവിതാംകൂറിലേത്. എല്ലാം ശ്രീപത്മനാഭന് സമര്‍പ്പിച്ച `തൃപ്പടിദാന’ത്തിനുശേഷം ശ്രീപത്മനാഭ ദാസന്മാരായി നാടുഭരിച്ച മഹനീയ പാരമ്പര്യമാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റേത്.
രാജഭരണം അവസാനിക്കുകയും മുന്‍രാജാക്കന്മാര്‍ക്ക് നല്‍കിവന്ന `പ്രിവിപഴ്‌സ്’ നിര്‍ത്തലാക്കുകയും ചെയ്‌ത് പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ രാജവംശം നാട്ടുകാരെ സംബന്ധിച്ച് ഇന്നും രാജകുടുംബം തന്നെയാണ്. ഈ ആത്മബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചവര്‍ക്കുള്ള മറുപടികൂടിയാണ് പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് കണ്ടെടുത്ത വിലമതിക്കാനാകാത്ത നിധി. പത്മനാഭന്റെ `നാലുചക്രം’ വാങ്ങുന്നത് മുജ്ജന്മസുകൃതമായാണ് കരുതിയിരുന്നത്. എങ്ങനെയായിരിക്കണം നാടിന്റെ നിധിസൂക്ഷിക്കേണ്ടതെന്നതിന് മാതൃകകൂടിയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേത്.
നാടുഭരിക്കുന്നവര്‍ക്ക് കരുതല്‍വേണം എന്നതിന് തെളിവാണ് രാജകുടുംബം കാണിച്ചുതന്നിരിക്കുന്ന മാതൃക. ജനകീയ ഭരണത്തില്‍ കമ്മിയില്ലാതെ ഒരു ബഡ്‌ജറ്റ്‌പോലും അവതരിപ്പിക്കാന്‍ കഴിയാത്ത രാഷ്‌ട്രീയ യജമാനന്മാരെ ഇളിഭ്യരാക്കുന്നതാണ് രാജഭരണത്തിന്റെ ഈ കരുതല്‍ധനം. `രാജാവ് പ്രത്യക്ഷദൈവം’ എന്ന് കരുതിയിരുന്ന ഒരു കാലത്തെ സാക്ഷ്യപത്രമാണ് ശ്രീപത്മനാഭക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്നുകാട്ടുന്നത്. ജനങ്ങളെ ഭരിക്കുന്നവര്‍ സത്യസന്ധരും ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരുമായിരിക്കണം എന്നതിന് തെളിവാണ് ഇത്.
2ജി സ്‌പെക്‌ട്രം ടെലികോം കുംഭകോണത്തില്‍ ഒരുലക്ഷത്തി എണ്‍പത്തിആറായിരംകോടി രൂപയുടെ അഴിമതിനടന്നു എന്ന് സി.എ.ജി തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആ തുകയുടെ വലുപ്പം മനസ്സിലാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയുടെ വൈപുല്യം താരതമ്യപ്പെടുത്തുമ്പോള്‍ ജനകീയഭരണത്തില്‍ ജനങ്ങളുടെ സ്വത്ത് കട്ടുമുടിക്കുന്നതിന്റെ വലുപ്പം ബോദ്ധ്യമാകും.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ജനങ്ങളോട് മാത്രമല്ല ശ്രീപത്മനാഭനോടും സത്യസന്ധതപുലര്‍ത്തണമായിരുന്നു. നാട്ടില്‍ പട്ടിണി ഉണ്ടായ ഒരു കാലഘട്ടത്തില്‍ ഈ നിധിയില്‍നിന്ന് കുറേ എടുത്ത് അന്നത്തെ അടിയന്തിരഘട്ടം തരണംചെയ്‌തെങ്കിലും അതിന്റെ പലിശ മാസാമാസം നിധിയില്‍ മുതല്‍കൂട്ടിയിരുന്നു. മാത്രമല്ല എടുത്ത സ്വര്‍ണ്ണം അതേമൂല്യത്തില്‍ തിരികെ നിധിയില്‍ വയ്‌ക്കുകയും ചെയ്‌തു. ഇത് ധര്‍മ്മമാണ് കുലദൈവം എന്നതിന് പ്രവൃത്തിയിലൂടെ ഉള്ള തെളിവാണ്.
നൂറ്റാണ്ടുകളായി തുറക്കാതിരുന്ന അറയ്‌ക്കുള്ളില്‍ അമൂല്യമായ നിധിശേഖരമുണ്ടെന്ന് രാജകുടുംബത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് അറിയാമായിരുന്നിരിക്കാം. എന്നാല്‍ ഇതിനെക്കുറിച്ച് ജനങ്ങള്‍ അത്ര ബോധവാന്മാരല്ലായിരുന്നു. എല്ലാം വെളിവായ സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക രൂപപ്പെടുകയാണ്. അത് പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ ബാദ്ധ്യതയുമാണ്.
പത്മനാഭന്റെ നിധിയിലെ ഒരു കഴഞ്ചുപോലും അവിടെനിന്ന് മാറ്റാനോ മറ്റുകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി സംരക്ഷിച്ചുവന്ന പൈതൃക സ്വത്തുമാത്രമല്ല ഇത്. മറിച്ച് ഭക്തിയും വിശ്വാസവുമൊക്കെ കൂടികലര്‍ന്ന ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമിയുടെ നിധിയില്‍ കണ്ണുനട്ടുകൊണ്ട് എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അത് ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല എന്നുമാത്രമല്ല അതിനുമുതിരുന്നവര്‍ക്ക് വലിയ വിലയും നല്‍കേണ്ടിവരും. ശ്രീപത്മനാഭസ്വാമി എല്ലാം കാണുന്നുണ്ട്, എല്ലാം അറിയുന്നുമുണ്ട്; ഇത് ആരും മറക്കരുത്.
Discussion about this post