‘ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍’: ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിന്റെ നാളുകളില്‍ മഹാകവി വള്ളത്തോളിന്റെ തൂലികയില്‍നിന്ന് ഉതിര്‍ന്നു വീണ ഈ വരികള്‍ ഹൃദയം കൊണ്ട് ഏറ്റുപാടിയവരാണ് കേരളീയര്‍. നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ പലതും ഇന്നും തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും തിക്തഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ അതില്‍നിന്നൊക്കെ മുക്തമായി മനുഷ്യവസ്ഥയുടെ സമ്മോഹനമായ ആദര്‍ശങ്ങള്‍ നെഞ്ചിലേറ്റിയവരാണ് നമ്മള്‍. അതിന്റെ ഫലം ഒരു പരിധിവരെ കേരളത്തിന്റെ സര്‍വതലസ്പര്‍ശിയായ മാറ്റത്തിനു കാരണമായി.
ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും വാഗ്ഭടാനന്ദസ്വാമികളും അയ്യങ്കാളിയുമൊക്കെ ചേര്‍ന്ന് ഉഴുതുമറിച്ച കേരളമെന്ന നവോത്ഥാനത്തിന്റെ ഭൂമിയില്‍ വിത്തുവിതച്ച് ആവോളംകൊയ്തവര്‍ കമ്മ്യൂണിസ്റ്റുകാരാണ്. കേരളം പലരംഗത്തും ലോക നിലവാരത്തിലേക്ക് ഉയര്‍ന്നെന്ന് ഒരുകാലത്ത് ഊറ്റംകൊണ്ടവരാണ് നമ്മള്‍. അങ്ങനെ കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് ഖ്യാതി നേടുകയും ചെയ്തു. എന്നാല്‍ ഇന്ന് കേരളം എത്തിനില്‍ക്കുന്ന അവസ്ഥ പേടിപ്പെടുത്തുന്നതാണ്. ആര്‍ഭാടവും ധൂര്‍ത്തും കേരളീയന്റെ മുഖമുദ്രയായി മാറി. ഇതിന് സമാന്തരമായാണ് മദ്യമെന്ന മഹാവിപത്തിന്റെ നീരാളിക്കൈകള്‍ കേരളത്തെ വരിഞ്ഞുമുറുക്കുന്നത്.
ബാറുകള്‍ക്കു താഴുവീണ ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ മദ്യ ഉപഭോഗം കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. മലയാളികള്‍ക്ക് മദ്യമില്ലാതെ ഒരു ആഘോഷവുമില്ല എന്ന നിലയിലെത്തി. വിവാഹം, വിവാഹവാര്‍ഷികം, പിറന്നാള്‍ ആഘോഷം എന്നിവ മാത്രമല്ല മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കു പോലും മദ്യം അവിഭാജ്യഘടകമായി.
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഓണാഘോഷത്തിന് ഓരോ വര്‍ഷവും മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിക്കുകയാണ്. ഈ ഓണനാളുകളില്‍ കേരളം കുടിച്ചുതീര്‍ത്തത് 487 കോടിയുടെ മദ്യമാണ്. ഉത്രാടം വരെയുള്ള എട്ടു ദിവസംകൊണ്ടാണ് ബിവറേജസ് കോര്‍പ്പറേഷനില്‍ ഇത്രയും തുകയ്ക്കുള്ള മദ്യം വിറ്റത്. ഇത് ബിവറേജസ് കോര്‍പ്പറേഷന്റെ മാത്രം കണക്കാണ്. സത്യത്തില്‍ മദ്യ ഉപഭോഗം ഇതിലും എത്രയോ കോടി കൂടിവരും. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെക്കാള്‍ ഏഴു ശതമാനം കൂടുതല്‍ വില്‍പ്പനയാണ് നടന്നത്. ഇത് മുപ്പതുകോടിയോളം വരുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറുനാടന്‍ തൊഴിലാളികളും ഇതില്‍ ഒരു ഭാഗം ഉപയോഗിച്ചു എന്ന കാര്യം മറക്കുന്നില്ല. എങ്കിലും മലയാളിയുടെ മദ്യാപാനാസക്തിയുടെ ഭീകരമായ മുഖമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളം എങ്ങോട്ടാണ്? നവോത്ഥാന മൂല്യങ്ങളില്‍ പ്രഥമ പരിഗണനകൊടുക്കേണ്ട ഒന്നാണ് മദ്യവര്‍ജ്ജനം. അതുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മദ്യവര്‍ജ്ജനെത്തെക്കൂടി ഗാന്ധിജി പ്രധാനപരിപാടിയായി ഉള്‍പ്പെടുത്തിയത്. മദ്യത്തിനെതിരെ ശക്തമായ താക്കീതുനല്‍കിയ ശ്രീനാരായണഗുരുദേവന്റെ മണ്ണിലാണ് ഇന്ന് മദ്യപാനാസക്തി ഭീകരരൂപം പ്രാപിക്കുന്നത്. ‘ചെത്തരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന് ഗുരുദേവന്‍ ആഹ്വാനംചെയ്തത് മദ്യം ഒരു സമൂഹത്തെ പിന്നോട്ടടിക്കും എന്നുള്ളതുകൊണ്ടാണ്. മദ്യവും മയക്കുമരുന്നും ഒരു ജനതയെ കൊണ്ടുപോകുന്നത് തിന്മയിലേക്കും ആത്യന്തികമായി ഇരുളിലേക്കുമാണ്. അത് നാശത്തിന്റെ മാര്‍ഗമാണ്. സ്ത്രീ സമത്വത്തെയും നവോത്ഥാനത്തെയും കുറിച്ച് വാചാലരാകുന്നവര്‍ കുടിച്ചു കുടിച്ച് കരളു തകരുന്ന കേരളത്തെ കാണാത്തതെന്താണ്?
Discussion about this post