മലയാളമില്ലാത്ത കേരളത്തെ ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാനാകുമോ? പക്ഷേ കേരളത്തിന്റെ മാതൃഭാഷയാണ് മലയാളം എന്നു മറന്നുപോയ ഒരു ഭരണഘടനാ സ്ഥാപനം കേരളത്തിലുണ്ട്. പി.എസ്.സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ് ആ സ്ഥാപനം. ലോകത്ത് മാതൃഭാഷയോട് ബഹുമാനമില്ലാത്ത ഏതെങ്കിലും ഒരു സമൂഹം ഉണ്ടെങ്കില്‍ അത് മലയാളികളാണെന്ന് പറയേണ്ടിവരും.
തലസ്ഥാന നഗരയില്‍ പി.എസ്.സി ആസ്ഥാനത്തിനു മുന്നില്‍ ഐക്യ മലയാളം പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പന്ത്രണ്ടു ദിവസമായി നിരാഹാരസമരം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി തിരുവോണ നാളില്‍ അവിടെ എഴുത്തുകാരും കലാകാരന്മാരും ഉപവസിച്ചു. സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രൊ. വി. മധുസൂദനന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ തുടങ്ങി ഒട്ടേറെ സാംസ്‌കാരിയ നായകരാണ് ഉപവാസത്തില്‍ പങ്കുചേര്‍ന്നത്.
നിരക്ഷരരും പട്ടിണിക്കാരും ഏറെയുണ്ടെന്ന് നമ്മള്‍ ആക്ഷേപപൂര്‍വ്വം പറയുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും തൊഴില്‍ തേടുന്നതിന് മാതൃഭാഷയില്‍ പരീക്ഷ എഴുതാമെന്നിരിക്കെയാണ് നൂറുശതമാനം സാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഈ ആവശ്യത്തിനുവേണ്ടി സമരം ചെയ്യേണ്ടിവന്നത്. അതും തിരുവോണദിവസം ഈ ആവശ്യത്തിനായി പി.എസ്.സിയുടെ മുന്നില്‍ ഉപവസിക്കേണ്ടിവന്നത് ഓരോ കേരളീയനും ലജ്ജാകരമാണ്.
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടിട്ട് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദാസ്യ മനോഭാസം മാറാത്ത മനുഷ്യരാണ് ഇപ്പോഴും നമ്മുടെ പല ഭരണഘടനാ സ്ഥാപനങ്ങളുടെയും ചുമതല വഹിക്കുന്നത്. ഇത് പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ പകിട്ടു കെടുത്തുന്നതാണ്.
ഒരു ഉത്തരവിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന ഈ മാറ്റം എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളും സ്ഥാപിത താല്‍പര്യങ്ങളും ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തില്‍ ചോദ്യം തയ്യാറാക്കാന്‍ വിദഗ്ധരില്ലെന്ന ബാലിശമായ വാദമാണ് ഇക്കാര്യത്തില്‍ പി.എസ്.സിയുടെ ചുമതലപ്പെട്ടവരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. നാണമില്ലേ എന്നേ ഒറ്റവാക്കില്‍ ഇതിനെക്കുറിച്ചു പറയാനുള്ളു. ഏതു ഭാഷയില്‍ സംസാരിച്ചാലും അത് അവരവരുടെ സ്വന്തം ഭാഷയില്‍ കേള്‍ക്കാന്‍ കഴിയുന്ന തരത്തില്‍ വിവരസാങ്കേതികവിദ്യ വളര്‍ന്ന ഒരു കാലഘട്ടത്തിലാണ് പ്രതിലോമകരമായ നിലപാടുമായി പി.എസ്.സി മുന്നോട്ടു പോകുന്നത്.
മാതൃഭാഷ പഠിക്കാതെ ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രം നേടിയ ഒരു തലമുറ നമ്മുടെ മുന്നിലുണ്ട്. മുലപ്പാല്‍ കൂടിച്ച് വളരാത്തവര്‍ എങ്ങനെയാണോ മാതൃബന്ധത്തിന്റെ ഇഴയടുപ്പം ഇല്ലാതാകുന്നവരായി തീരുന്നത് അതിനു സമാനമായ അവസ്ഥയാണ് ഭാഷയുടെ കാര്യത്തിലുമുള്ളത്. മാതൃഭാഷ എഴുതാനും വായിക്കാനും തെറ്റുകൂടാതെ സംസാരിക്കാന്‍ പോലും കഴിയില്ല എന്നതാണ് വളരെ അഭിമാനത്തോടെ പല മാതാപിതാക്കളും ഇപ്പോഴും പറയുന്നത്. നന്നായി ഇംഗ്ലീഷ് പഠിക്കണം. പക്ഷേ അത് മലയാളത്തെ മറന്നുകൊണ്ടാകരുത്. അങ്ങനെ മലയാളത്തെ മറന്ന ഒരു തലമുറയ്ക്കുവേണ്ടിയാണ് പി.എസ്.സി മാതൃഭാഷയെ അവഹേളിക്കുന്നതെങ്കില്‍ ഈ സ്ഥാപനത്തിന്റെ നൈതികതയെത്തന്നെ ചോദ്യംചെയ്യേണ്ടിവരും. സ്വന്തം ഭാഷയില്‍ പരീക്ഷ എഴുതുക എന്ന ഭരണഘടനാദത്തമായ അവകാശത്തിനു നേരെയാണ് പി.എസ്.സിയിലെ മേലാളന്മാര്‍ കൊഞ്ഞണംകുത്തുന്നത്.
Discussion about this post