ഭാരതത്തിന്റെ സ്വത്വമായ സനാതനധര്‍മ്മ ബോധത്തിന്റെ പിന്നാമ്പുറങ്ങളിലെവിടെയോ രൂഢമൂലമായ നികൃഷ്ട സൗന്ദര്യ ചിന്തയാണ് ജാതീയമായ ഉച്ചനീചത്വം. സഹസ്രാബ്ദങ്ങള്‍കൊണ്ട് ഒരു ജനതയുടെ ആന്തരികമണ്ഡലത്തില്‍ വേരുറപ്പിച്ച അധമവാസന ഇന്നും തിമിര്‍ത്താടുകയാണ്.
കര്‍മ്മമണ്ഡലത്തെ അടിസ്ഥാനമാക്കിയാണ് ഭാരതത്തിന്റെ സാമൂഹികക്രമത്തില്‍ ജാതി ഉദയം ചെയ്തത്. കാലക്രമത്തില്‍ അത് അവര്‍ണ-സവര്‍ണ വ്യത്യാസത്തിലേക്ക് നയിച്ചു. അരവയറു നിറയ്ക്കാന്‍പോലുമാകാതെ നട്ടുച്ചവെയിലിലും പാടത്തു പണിയെടുക്കുന്ന കര്‍ഷകനും മറ്റ് ഉല്‍പ്പാദനമേഖലകളില്‍ സമൂഹത്തിനായി കര്‍മശേഷി വിനിയോഗിക്കുന്നവരുമൊക്കെ കാലാന്തരത്തില്‍ അവര്‍ണകുലത്തില്‍ സ്ഥാനംപിടിച്ചു. അതേസമയം ജന്മംകൊണ്ടല്ല, കര്‍മ്മത്തിലൂടെയാണ് ബ്രാഹ്മണ്യം നേടുന്നതെന്ന് ആചാര്യന്മാര്‍ പ്രമാണസഹിതം ഉദ്‌ബോധിപ്പിച്ചു. എന്നാല്‍ ഇതൊന്നും തന്നെ ജാതിഭ്രാന്തിനെ തളയ്ക്കാന്‍ പര്യാപ്തമായില്ല. ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകത്തിലെ ബി.ജെ.പിക്കാരനായ എം.പിയും ദളിതനുമായ എ നാരായണസ്വാമിക്ക് ജാതിയുടെ പേരില്‍ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായ സംഭവത്തെക്കുറച്ച് വിലയിരുത്താന്‍. മുന്‍ മന്ത്രികൂടിയാണ് നാരായണസ്വാമി.
പട്ടികജാതി സംവരണ മണ്ഡലമായ ചിത്രദുര്‍ഗയില്‍നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യരംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോടൊപ്പം അദ്ദേഹം തുമകൂരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയില്‍ എത്തിയപ്പോഴാണ് ഈ ദുരനുഭവമുണ്ടായത്. ദളിത് വിഭാഗത്തില്‍പ്പെടുന്നവരെ ഇതുവരെ ഗ്രാമത്തില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിചിത്രവാദം. അതേസമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. ജാതിവിവേചനം കാട്ടുന്നത് കുറ്റകരമാണെന്ന് എംപി ഓര്‍മിപ്പിച്ചെങ്കിലും ഗ്രാമവാസികള്‍ വഴങ്ങാന്‍ തയ്യാറായില്ല. അരമണിക്കൂറോളം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ഗ്രാമവാസികള്‍ അതൊന്നും ചെവിക്കൊണ്ടില്ല. അതോടെ അദ്ദേഹം തിരിച്ചുപോയി. സംഭവത്തില്‍ അമര്‍ഷമുണ്ടെങ്കിലും പരാതി നല്‍കില്ലെന്നാണ് എം.പി പറഞ്ഞത്. അത് അദ്ദേഹത്തിന്റെ ഔന്നത്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ആ ഗ്രാമത്തിലെ പലരും ചെറിയ കൂടിലുകളിലാണ് താമസിക്കുന്നത്. അവികസിതമായ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു എംപി പോയത്. എന്നാല്‍ ഇത്ര ദാരിദ്ര്യാവസ്ഥയില്‍പ്പോലും ജാതിപ്പിശാചിനെ കൈവിടാന്‍ തയ്യാറല്ലാത്തവിധം സവര്‍ണമനോഭാവത്തിന്റെ അധമ ചിന്തയാണ് അവരെ ഭരിക്കുന്നത്.
ദളിതനായതുകൊണ്ടുമാത്രം ഒരു എംപിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും? ഏത് കുലത്തില്‍ ജനിക്കുന്നു എന്നത് ആരുടെയും നിയന്ത്രണത്തിലല്ല. മനുഷ്യ സൃഷ്ടിയായ ഈ വിവേചനം ഭാരതത്തില്‍ നൂറ്റാണ്ടുകളായി തുടരുകയാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. ജാതി വിവേചനം ഭാരതത്തില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നിട്ടും ഇങ്ങനെയൊക്കെ പെരുമാറാന്‍ മാത്രമുള്ള ജാതിഭ്രാന്ത് നിലനില്‍ക്കുന്നുവെങ്കില്‍ അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. വെറും ബോധവല്‍ക്കരണംകൊണ്ട് മാറുന്നതല്ല ജാതിഭ്രാന്ത്. അര്‍ബുദം മാറ്റാന്‍ തൊലിപ്പുറത്തെ ചികിത്സപോര.
Discussion about this post