ലണ്ടന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകള്‍ ബ്രിട്ടന് താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോള്‍ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം എന്‍എച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കും നല്കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ബ്രിട്ടന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ പല ഏജന്‍സികളും സ്വന്തം നിലയില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തു നഴ്സുമാരെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഹോട്ടല്‍ ക്വാറന്റൈനുള്ള പണം തുക നല്കാന് തയാറായതോടെ ഇവരുടെ യാത്രകള്‍ സാധ്യമാകുമെന്ന് കരുതിയിരിക്കവേയാണ് താല്‍ക്കാലിക റിക്രൂട്ട്മെന്റ് മരവിപ്പിക്കല്‍ കൂടി എത്തിയിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണു നിരോധനം. റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ യുകെയിലേക്ക് പോകാനിരിക്കുന്ന നഴ്സുമാര്‍ക്ക് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം, നിലവില്‍ ജോബ് ഓഫര്‍ ലഭിച്ച ആരുടെയും അവസരം നഷ്ടപ്പെടില്ലെന്ന് എന്‍എച്ച്എസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജോബ് ഓഫര്‍ ലഭിച്ചവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്യണമെന്ന് ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും എന്‍എച്ച്എസ് നിര്‍ദേശം നല്കി.
Discussion about this post