ന്യൂഡല്‍ഹി: സൈഡസ് കാലിഡയുടെ സൈകോവ് ഡി കോവിഡ് വാക്സിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (സിസിജിഐ) അനുമതി നല്കി. അടിയന്തിര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡിലയുടെ വാക്സിന് മൂന്ന് ഡോസാണ് എടുക്കേണ്ടത്. 66.66 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തി.
മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി പറയുന്നു. മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നല്‍കാനാണ് വിദഗ്ദ്ധ സമിതി നിലവില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാക്സിനേഷന്റെ ഫലം സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കമ്പനിയോട് തേടിയിട്ടുണ്ട്.
സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്കുന്ന തരത്തിലായിരിക്കും വാക്സീന്. സൂചിരഹിതമായതിനാല് പാര്‍ശ്വഫലങ്ങള്‍ ഗണ്യമായി കുറയുമെന്ന് സൈഡസ് അവകാശപ്പെടുന്നു.
അടിയന്തര ഉപയോഗത്തിന് അന്തിമ അനുമതി ലഭിച്ച ആറാമത്തെ വാക്സിനാണ് സിഡസ് കാഡിലയുടേത്. സിറം ഇന്‍സ്റ്റിറ്റിയൂടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്, റഷ്യയുടെ സ്പുട്നിക് വാക്സിന്, അമേരിക്കന്‍ വാക്സിനുകളായ മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയാണ് അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്സിനുകള്‍.
Discussion about this post