തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന് ഇനി വനിതാ സാരഥി. ക്ഷേത്ര ട്രസ്റ്റ് ചെയര്‍പേഴ്‌സണായി ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ.ഗീതകുമാരിയെ ഇന്നലെ ചേര്‍ന്ന ട്രസ്റ്റ് യോഗം തിരഞ്ഞെടുത്തു.
1979 ല്‍ രൂപീകരിച്ച ക്ഷേത്രം ട്രസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണ നേതൃത്വം വനിതയ്ക്കു ലഭിക്കുന്നത്. ”എല്ലാം ദേവിയുടെ അനുഗ്രഹം. ഇതൊരു മഹാഭാഗ്യമായി കരുതുന്നു.” ഗീതകുമാരി പറഞ്ഞു. നിലവില്‍ ട്രസ്റ്റിലെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ് ഗീതകുമാരി. 26ന് ചുമതലയേല്‍ക്കും. 84 അംഗ കമ്മിറ്റി ഏകകണ്ഠമായാണ് ഗീതകുമാരിയെ തിരഞ്ഞെടുത്തത്. ‘ദി ഹിന്ദു’ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. തമ്പിയുടെ ഭാര്യയാണ് . ജലസേചന വകുപ്പിലെ ഐ.ഡി.ആര്‍.ബി ഡയറക്ടറായി 2012 ലാണ് വിരമിച്ചത്.
ട്രെയിനിംഗ് കോളേജ് അദ്ധ്യാപകനായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശി ബാലകൃഷ്ണപിള്ളയുടേയും അദ്ധ്യാപികയായിരുന്ന ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആനന്ദത്തിന്റേയും മകളാണ്. അമ്മയ്ക്കും അച്ഛനും തിരുവനന്തപുരത്ത് ജോലിയായിരുന്നപ്പോള്‍ മണക്കാടാണ് ആദ്യം താമസിച്ചിരുന്നത്. അന്ന് ഗീതയ്ക്ക് പ്രായം 8. എല്ലാ മാസവും പക്കനാളില്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ അമ്മയുമായി എത്തുമായിരുന്നു. ദേവിക്കു മുന്നില്‍ സ്ത്രീ, പുരുഷ ഭേദമില്ലെന്നും, ട്രസ്റ്റ് ഭരണത്തിലും എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തനമെന്നും ഗീത പറഞ്ഞു. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ദേവി തമ്പി, മെക്കാനിക്കല്‍ എന്‍ജിനീയര്‍ അരവിന്ദ് എന്നിവര്‍ മക്കള്‍. നിധിന്‍ എം. മരുമകന്‍. 2020ല്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ജനറല്‍ കണ്‍വീനറായത് വനിതയാണ്. കെ.എസ്.ഇ.ബി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന ശോഭയാണ് ആ പദവി വഹിച്ചത്.
Discussion about this post