ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിനു പിന്നാലെ നടത്തിയ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരിക്കുന്നത് അത്യന്തം ഗൗരവകരമായ കാര്യങ്ങളാണ്. ഇപ്പോള്‍ വളരെ പ്രായമായവര്‍ക്കു പോലും ഇവിടെയൊരു ദേവപ്രശ്‌നം നടന്നതായി അറിയില്ല എന്നതു തന്നെ ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ദേവഹിതം അറിയുവാനുള്ള മാര്‍ഗം അഷ്ടമംഗല ദേവപ്രശ്‌നം, താമ്പൂലപ്രവചനം, നിമിത്തം തുടങ്ങിയവയാണ്. ഇതിലൂടെയാണ് ദേവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഭക്തര്‍ക്ക് അറിയാന്‍ കഴിയുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശ്‌നവിധിയില്‍ തെളിഞ്ഞിരിക്കുന്നത് ‘ബി’ നിലവറ തുറക്കരുതെന്നാണ്. കാരണം ദേവചൈതന്യവുമായി അഭേദ്യബന്ധമുള്ളതാണ് ഈ നിലവറ. ഇപ്പോഴത്തെ അനന്തശയനപ്രതിഷ്ഠ നടക്കുന്നതിനുമുമ്പ് ഈ ക്ഷേത്രം മറ്റൊരു നിലയിലായിരുന്നു. അന്നുപ്രതിഷ്ഠിച്ച വിഗ്രഹം ഈ നിലവറയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് കാണാവുന്ന നിലയിലല്ലെങ്കിലും ദേവചൈതന്യത്തെ പുഷ്ടിപ്പെടുത്തുന്നതാണ്.
ശ്രീചക്രം ഉള്‍പ്പെടെയുള്ള പ്രതിഷ്ടകളും അഗസ്ത്യമുനി ഉള്‍പ്പെടെയുള്ള മഹര്‍ഷിമാരുടെ സാന്നിധ്യവും ഇവിടെ ഉണ്ടെന്നാണ് ദേവപ്രശ്‌നവിധിയില്‍ തെളിഞ്ഞത്. ഈ ശക്തിചൈതന്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാണ് നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയുളളത്. ഈ അറയിലെ അമൂല്യചൈതന്യങ്ങള്‍ക്ക് ചലനമുണ്ടാക്കുന്നത് നരസിംഹമൂര്‍ത്തിയുടെ കോപത്തിനിടയാക്കും. അന്തിമമായി അത് നാടിനും ജനക്കള്‍ക്കും ദോഷമുണ്ടാക്കുമെന്നാണ് പ്രശ്‌നത്തില്‍ തെളിഞ്ഞത്. ബി നിലവറയും ശ്രീകോവിലും തമ്മിലും ഗുഹാബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ബി നിലവറ തുറക്കാന്‍ ശ്രമിച്ചാല്‍ അതുമൂലമുണ്ടാകുന്ന നാശം പ്രവചനാതീതമായിരിക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷസംബന്ധിച്ച ഉന്നതല യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ സര്‍ക്കാര്‍ നിലപാട് യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയാല്‍ ദേവപ്രശ്‌നവിധിക്കനുസൃതമായിരിക്കും നിലപാട് അറിയിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ശുഭോദര്‍ക്കമാണ്. കേവലം സമ്പത്തിന്റെ മാത്രം പ്രശ്‌നമല്ല ഇതെന്നും വിശ്വാസികളുടെയും വിശ്വാസത്തിന്റെയും കാര്യമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം ശ്ലാഘനീയമാണ്.
കോടതികള്‍ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജനങ്ങളുടെ വിശ്വാസം ഇതിനൊക്കെ അപ്പുറമാണ്. മാത്രമല്ല വിശ്വാസത്തിലധിഷ്ഠിതമായ ദേവഹിതത്തെ സംബന്ധിച്ച് ഒരു കോടതിക്കും തീരുമാനമെടുക്കാനാകില്ല. അതിനുള്ള അധികാരം പരമ്പരാഗതമായി കല്‍പ്പിച്ചുനല്‍കിയിട്ടുളളത് ദൈവജ്ഞന്‍മാര്‍ക്കു മാത്രമാണ്. ആ നിലയില്‍ ബി നിലവറ തുറന്നു പരിശോധിക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് ഇപ്പോഴത്തെ ദേവപ്രശ്‌നത്തിന്റെ വെളിച്ചത്തില്‍ പുനഃപരിശോധിച്ച് ദേവഹിതം നടപ്പാക്കുന്നതാണ് കരണീയം. ആ വിവേകപൂര്‍വമായ സമീപനത്തിലേക്ക് പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്‍മാരെ നയിക്കുന്നതിന് ശ്രീപത്മനാഭന്‍ തുണയ്ക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
Discussion about this post