ഇത് ഭാരതത്തിന് സുവര്‍ണനിമിഷം. നിസ്വവര്‍ഗത്തില്‍ നിന്ന് ഒരു വനിത ഭാരതത്തിന്റെ പരമോന്നത സ്ഥാനത്തെത്തുകയാണ്. ഇതിന് സമാനതകളില്ല; ഇത് ചരിത്രത്തിന്റെ പുനര്‍നിര്‍മിതി.
സഹസ്രാബ്ദങ്ങളായി ഭാരതത്തിന്റെ വര്‍ണവ്യവസ്ഥയുടെ അന്ധകാരത്തിനുള്ളില്‍ ജനിച്ച് ജീവിച്ച് മരിച്ചവരുടെ സമൂഹത്തില്‍ നിന്ന് ശക്തിയുടെ പ്രതിരൂപമായി ദ്രൗപദി മുര്‍മു കടന്നുവരുമ്പോള്‍ അത് രാഷ്ട്രചരിത്രത്തിന് പുതിയ ദിശയും മാനവും നല്‍കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതം അങ്ങനെ ലോകത്തിന് മാതൃകയാവുകയാണ്.
ഇത് ഭാരതത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാസമൂഹങ്ങളോടുമുള്ള പ്രായശ്ചിത്തമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം വേണ്ടിവന്നു ഇങ്ങനെയൊരു അവസരമൊരുക്കാന്‍. പരിവര്‍ത്തനത്തിന്റെ പതാക വാഹകരായി മാറാന്‍ കഴിയുമ്പോഴാണ് അധികാരം അര്‍ത്ഥപൂര്‍ണമാകുന്നത്. ഇതിനെ നിശബ്ദവിപ്ലവമെന്നും വിശേഷിപ്പിക്കാം.
സനാതന ധര്‍മത്തിന്റെ ഈ പുണ്യഭൂമി എന്നും ജ്വലിച്ചു നിന്നത് സ്ത്രീശക്തിയിലാണ്. സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാര്‍ വിഹരിക്കുന്നു എന്നാണ് ആപ്തവാക്യം. ഈ അര്‍ത്ഥത്തില്‍ ഭാരതത്തിന്റെ സുകൃതമാണ് ദ്രൗപദി മുര്‍മു. ഭാരതമെന്ന രാഷ്ട്രം പൂര്‍വകാല മഹിമകളില്‍ നിന്ന് സ്വത്വം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ മഹോന്നത പദവിയില്‍ ഗോത്രവര്‍ഗത്തില്‍ നിന്ന് ഒരു വനിത അവരോധിതയാകുന്നു എന്നത് ചരിത്ര നിയോഗമാണ്.
പുണ്യവതിയായ ഭാരതാംബയുടെ കണ്ണുകളിലേക്ക് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന വേളയാണിത്. ഭാരതത്തിന് മാത്രമേ ഭാവിയിലേക്കുള്ള വെളിച്ചമാകാന്‍ കഴിയുകയുള്ളൂവെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ചെങ്കോല്‍ കൈയിലേന്തുന്നവന് മരവുരിയുടെ നിസംഗതയും വേണം. അത്തരത്തില്‍ സര്‍വസംഗപരിത്യാഗിയെ പോലൊരു വ്യക്തിയാണ് ഇന്ന് ഭാരതത്തെ നയിക്കുന്നത്. അത് ഗുരുപരമ്പരകളുടെ അനുഗ്രഹത്താല്‍ ലഭിച്ച വരദാനമാകാം. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് സന്താള്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിന് വഴിയൊരുക്കാനായത്. ഒരര്‍ത്ഥത്തില്‍ ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാനുള്ള അവിരാമമായ യത്‌നത്തില്‍ ഇതും മുതല്‍ക്കൂട്ടാകും.
Discussion about this post