ഖത്തറില്‍ അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് പ്രൗഢഗംഭീര തുടക്കം. ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകരുടെ ഹൃദയങ്ങളില്‍ ആനന്ദം നിറച്ച ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോയും ഖത്തര്‍ അമീര്‍ ഷേയ്ഖ് തമീം ഇബ്ന്‍ ഹമദ് അല്‍ത്താനിയും ചേര്‍ന്ന് കാല്‍പ്പന്തുകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിശിഷ്ടാതിഥിയായിരുന്നു.
അറേബ്യന്‍ സംസ്‌കാരത്തിന്റെ പ്രൗഡിയും ഏഷ്യയുടെയും പാശ്ചാത്യ ലോകത്തിന്റെയും വൈവിദ്ധ്യങ്ങളും അണിനിരന്ന കലാപ്രകടനങ്ങളാണ് ഉദ്ഘാടനച്ചടങ്ങിനായി ഖത്തര്‍ ഒരുക്കിയത്. പാട്ടും നൃത്തവുമായി തുടങ്ങിയ ആഘോഷവേദിയിലേക്ക് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ മുന്‍ താരം മാഴ്‌സെ ഡിസെയ്‌ലി ലോകകപ്പ് ട്രോഫി എത്തിച്ചു. തുടര്‍ന്ന് ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ ഒരുമയുടെ സന്ദേശം നല്‍കി.കൊറിയന്‍ ബാന്‍ഡ് ബി.ടി.എസിലെ ഗായകന്‍ ജുംഗ്കൂക്കും ഖത്തറി ഗായകന്‍ ഫഹദ് അല്‍ ഖബൈസിയും ചേര്‍ന്നാണ് ഈ ലോകകപ്പിന്റെ തീം സോംഗ് അവതരിപ്പിച്ചത്. തുടര്‍ന്ന് ഇതേ വേദിയില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തിന് തുടക്കമായി.
കന്നി ജയം ഇക്വഡോറിന്
ആദ്യമത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി ഇക്വഡോര്‍. ഇന്നലെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോര്‍ വിജയം നേടിയത്. ആദ്യ പകുതിയില്‍ത്തന്നെ നായകന്‍ എന്നര്‍ വലന്‍സിയയിലൂടെയാണ് ഇക്വഡോര്‍ രണ്ട് ഗോളുകളും നേടിയത്.
15-ാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്നാണ് വലന്‍സിയ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഗോളടിച്ചത്. ഖത്തര്‍ ഗോളി അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വലന്‍സിയയെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇതോടെ വലന്‍സിയ ഇക്വഡോറിന് വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. 31-ാംമിനിട്ടില്‍ വലന്‍സിയ മനോഹരമായൊരു ഹെഡറിലൂടെ വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ 2-0ത്തിന് ലീഡെടുത്തു.
Discussion about this post