ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശിലെ നെല്ലൂരില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ(ടിഡിപി) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ട്വിറ്ററില്‍ കുറിച്ച പ്രധാനമന്ത്രി, അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നതായി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം അനുവദിച്ചതായും അദേഹം അറിയിച്ചു.













