ആര്‍ഷ ഭാരതത്തില്‍ ജനിച്ച നാം ജന്മനാ തന്നെ ആത്മീയ കാര്യങ്ങളില്‍ തല്പരരും ബോധവാന്മാരുമാണ്. ഈ പുണ്യഭൂമിയുടെ വൈശിഷ്ട്യവും അതുതന്നെയാണല്ലോ. സത്യധര്‍മ്മാദികളെ പറ്റി അറിയാത്ത, ഇഹപര സുഖങ്ങളെ പറ്റി ചിന്തിക്കാത്ത ഒരുവനും ഇവിടെ ഉണ്ടാവുകയില്ല. അറിവിന്റെ അളവുകളില്‍ ഒരുപക്ഷേ പണ്ഡിത പാമര വ്യത്യാസം ഉണ്ടായിരിക്കാം. പക്ഷേ ജന്മനാ ആര്‍ജിച്ച ഗുണ വിശേഷങ്ങളെ പരിപോഷിപ്പിക്കുന്നത് സാഹചര്യവും സ്വാധ്യായവുമാണ്. നമ്മുടെ ദൈവദത്തമായ സിദ്ധികള്‍ പോലും നാം അവഗണിക്കുന്നു. ഈ അവഗണനയുടെ പരിണിതഫലമാണ് ആധുനികയുഗത്തിലെ മൂല്യത്തകര്‍ച്ചയും സാംസ്‌കാരിക അധഃപതനവും. ഭാരതീയരായ നാം വിശേഷിച്ച് ഹിന്ദുക്കള്‍ അനശ്വരമായ ഗുരുക്കന്മാര്‍ ഉപദേശിച്ച സനാതന തത്വങ്ങള്‍ വലിച്ചെറിഞ്ഞ് ആധുനികതയുടെ പേരും പറഞ്ഞ് അന്തസാരശൂന്യരായി അധഃപതിച്ചുകൊണ്ടിരിക്കുന്നു.
ഈ ദയനീയതക്ക് എന്താണ് ഒരു പരിഹാരം ? നമ്മിലുള്ള ആധ്യാത്മിക ചിന്തകളെ ഉണര്‍ത്തുക ഭാരതീയ സുഖങ്ങള്‍ മാത്രം തേടി വൃഥാ ജന്മം പാഴാക്കി അവസാനം പാപങ്ങള്‍ ഏറ്റുവാങ്ങി ആയുസ്സ് തീര്‍ക്കാതെ സ്വന്തം ആത്മാവിനെ നന്നായി പ്രകാശിപ്പിക്കാന്‍ ശ്രമിക്കുക. ആത്മീയത എങ്ങനെ കൈവരിക്കാം ? സാധാരണ മനുഷ്യന് അപ്രാപ്യമായ എന്തോ ഒന്നാണോ ഈ ആത്മവിചാരം ? ആധ്യാത്മികത കൈവരിക്കാന്‍ സര്‍വ്വ സംഗപരിത്യാഗി ആകണോ ? കര്‍മ്മനിരതനായ ഒരു ലൗകികന് എത്രമാത്രം ആത്മീയ ചിന്ത ആകാം ? പണ്ട് ആശ്രമങ്ങളിലും വരിഷ്ഠരായ ഗുരുദേവന്മാര്‍ പത്‌നിസമേതരായല്ലെ താമസിച്ചു തപസ് ചെയ്തത് ? ഇന്ന് ഭാഷ്യം ആകെ മാറി. ആത്മീയചിന്ത ഉള്ളവന്‍ കാഷായം പൂണ്ട് സന്യാസിയായി കാടുകയറണം എന്നാണ് ഇന്നത്തെ മതം. കുടുംബജീവിതത്തിന് ഒരു വിഘാതവും ഇല്ലാതെ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഒരുവന് കഴിയണം. ഐശ്വര്യത്തിനും മനശാന്തിക്കും അത്യാവശ്യമാണിത്.
സ്ത്രീകള്‍ക്ക് എത്രമാത്രം ആത്മീയ കാര്യങ്ങള്‍ ആകാം എന്നതാണ് ഈ ലേഖനത്തിന്റെ വിഷയം. പലതും സ്ത്രീക്ക് വിലക്കപ്പെട്ടിരിക്കുന്ന പോലെ ആത്മീയ കാര്യങ്ങളില്‍ സ്ത്രീകള്‍ പൊതുവേ വിമുഖരാണെന്നാണ് ധാരണ. അത് ശരിയല്ല. സ്ത്രീ പൊതുവേ ഈശ്വര ചിന്തയുള്ളവരാണ്. സ്വന്തം കുടുംബത്തിന്റെ ഭദ്രതയ്ക്കും കുഞ്ഞുങ്ങളുടെ നന്മയ്ക്കും അവള്‍ സദാ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. പക്ഷേ പുരുഷനെപ്പോലെ ഒരു സുപ്രഭാതത്തില്‍ എല്ലാം വലിച്ചെറിഞ്ഞ് വൈരാഗിയായി ഇറങ്ങിപ്പോകാന്‍ അവള്‍ക്ക് സാധിക്കുന്നില്ല. കാരണം പ്രകൃതി അവളില്‍ ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ചുമതലകള്‍ ഭാരിച്ചതാണ്. ജീവിതത്തിന്റെ നിലനില്‍പ്പ് തന്നെ അവളില്‍ നിക്ഷിപ്തമാണ്. പ്രസവിക്കുക, പോറ്റിവളര്‍ത്തുക, സംരക്ഷിച്ച ലോകത്തിന് ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക, തുടങ്ങി എത്രയെത്ര ഭാരങ്ങള്‍, കടമകള്‍ ജീവിതത്തിന്റെ ഈ ബന്ധങ്ങളൊക്കെ വലിയ കെട്ടുകളായി അവളെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു. സ്‌നേഹത്തിന്റെയും കടമയുടെയും ബന്ധങ്ങള്‍ അവള്‍ സഹര്‍ഷം സ്വാംശീകരിച്ച് സര്‍വംസഹയായ ഭൂമിക്കു തുല്യം സൃഷ്ടികര്‍ത്താവിനോടുള്ള കടമ നിര്‍വഹിക്കുന്നു.
കുടുംബത്തിന്റെ ഭാവിയും ബന്ധങ്ങളുടെ ആഴവും ആശ്രമത്തിലേക്ക് ഇറങ്ങിപ്പുറപ്പെടാന്‍ ഓടുന്ന ഒരു സ്ത്രീയെ കടിഞ്ഞാണിടുന്നു. അവള്‍ ദുര്‍ബലയല്ലേ, കുടുംബത്തില്‍ ഒതുങ്ങിക്കൂടി സംസാര ദുഃഖത്തിന്റെ മറുകരകടക്കാന്‍ ഈശ്വരനെ ഭവനത്തില്‍ പ്രതിഷ്ഠിച്ച പൂജ നടത്തി മോക്ഷം വരിക്കാന്‍ അവള്‍ ശ്രമിക്കുന്നു. പുരുഷന്മാരായ ത്യാഗിവര്യന്മാരെക്കാള്‍ സത്യത്തില്‍ ഈ ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദികളില്‍ സ്ത്രീയല്ലേ കൂടുതല്‍ ത്യാഗം സഹിക്കുന്നത് ? അപൂര്‍വ്വം ചിലത് ഒഴിച്ചാല്‍ പണ്ടുമുതല്‍ ഭാരതത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ആശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വന്തം ഭര്‍ത്താക്കന്മാരുടെ പാദസേവ ചെയ്തും ശുശ്രൂഷിച്ചും അവരുടെ ആശ്രമങ്ങളില്‍ ആധ്യാത്മിക നിഷ്ഠയോടെ അവള്‍ കഴിഞ്ഞിരുന്നു. മൈത്രേയിയും അരുന്ധതിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ആധ്യാത്മിക കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ചില വിലക്കുകള്‍ ആധുനികയുഗത്തിലാണ് കല്പിപ്പിച്ചിട്ടുള്ളത്. വിശേഷിച്ച് നമ്മുടെ ഇടയില്‍ ഇന്നത്തെ ഒരു കുടുംബിനിക്ക് വയസ്സായി വാനപ്രസ്ഥമോ സന്യാസമോ വിധിക്കപ്പെട്ടാല്‍ പോലും വീടിന് കാവല്‍ക്കാരിയായി തങ്ങേണ്ട ഗതികേടാണ് ഉള്ളത്. വര്‍ണ്ണാശ്രമങ്ങളില്‍ ഉള്ള മൂല്യ സങ്കല്പം പാടെ നഷ്ടപ്പെടുത്തിയതും സ്വീകരിച്ചു കഴിഞ്ഞു പുതിയ സാമൂഹ്യ സാംസ്‌കാരിക ഘടനയ്ക്ക് പഴയ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ആകാതെ പോയതുമാണ് ഈ ഗതികേടിന് കാരണം. അനാദികാലമായി സ്ത്രീയില്‍ കുടികൊള്ളുന്ന നിലനില്‍പ്പിന്റെ ഭാരവും പേറി സ്വസ്ഥമായി ഗൃഹാന്തര്‍ഭാഗത്ത് കഴിച്ചുകൂട്ടി സിദ്ധി കൂടുകയാണ് പതിവ്.
സ്ത്രീക്ക് യോഗിനി ആകാനും കഴിയും. അവള്‍ യോഗിനി ആയാലോ സ്വയം ആര്‍ജ്ജിച്ച ആത്മീയ ശക്തി കൊണ്ട് വിഷത്തെ അമൃതാക്കി മാറ്റാനുള്ള ശക്തി നേടുകയും ചെയ്യും. പരമ ഭക്തയായ മീരക്കും പതിതപാവനയായ ആണ്ടാളിനും ഭക്തിയുടെ മുന്നില്‍ സര്‍വതും നിഷ്പ്രഭം ആയിരുന്നു. അത്രമാത്രം ആത്മചൈതന്യം ഉള്‍ക്കൊണ്ടവരാണ് ഭാരതത്തിലെ ഹിന്ദു സ്ത്രീകള്‍. ആ ചേതനയെ ഉണര്‍ത്തിയാല്‍ പിന്നെ നിസ്സീമ ശക്തിയുടെ ഉറവിടമാണവള്‍. ഹിന്ദുമതത്തിലാണ് നാം കാണുന്ന എല്ലാ അധഃപതനങ്ങള്‍ക്കും കാരണം നാം തന്നെയാണ് സനാതനത്തിന്റെ പേരു പറഞ്ഞ് ഒരുതരം ആലസ്യം പൂണ്ട് കര്‍മ്മത്തില്‍ നിന്നും മുഖം തിരിഞ്ഞു നില്‍ക്കുന്ന ഹൈന്ദവന്‍ സ്വന്തം സംസ്‌കാരത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുകയാണിന്ന്.
ആദ്ധ്യാത്മികമായി ഉണരുന്ന ഒരുവന് ഒരിക്കലും കര്‍മ്മ വിമുഖരാകാന്‍ കഴിയില്ല. സംസാര ദുഃഖത്തിന്റെ മറുകര കടത്തുന്ന തോണിയാണ് ആത്മീയ ചിന്തയും ഭക്തിയും. ഇന്നത്തെ ചെറുപ്പക്കാരില്‍ കാണുന്ന വിമുഖതയെ കര്‍മോന്മുഖമാക്കാന്‍ വേണ്ടി സ്ത്രീകള്‍ക്ക് നല്ലൊരു പങ്ക് വഹിക്കാന്‍ കഴിയും. വളരുന്ന തലമുറയ്ക്ക് മുമ്പില്‍ വിളക്ക് പിടിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ഓരോ ഭവനങ്ങളും ഓരോ ക്ഷേത്രമാകണം. ഈശ്വരപൂജ വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങി എല്ലാ ആചാരങ്ങള്‍ക്കും നമ്മുടെ വീടുകളില്‍ സ്ഥാനം നല്‍കണം. അതിന്റെയൊക്കെ പിന്നില്‍ പല ശാസ്ത്രസത്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇന്നത്തെ സ്ത്രീകളില്‍ എത്രപേരുണ്ട് നിത്യവും രാവിലെ കുളിച്ച് ക്ഷേത്രാരാധന നടത്തുന്നവര്‍. ഹിന്ദു സംസ്‌കാരത്തിന്റെ ഉത്തമ നിദര്‍ശനങ്ങളായ പുരാണങ്ങളും വേദങ്ങളും എത്രപേര്‍ക്കറിയാം ? വളരെ ഗഹനമായ വിഷയങ്ങളെ പോലും ലളിതമായ രീതിയില്‍ പ്രതിപാദിക്കുന്ന ഒരു വലിയ ഗ്രന്ഥ ശേഖരം നമുക്കുണ്ട്. നിത്യവും ശ്രീരാമായണാദിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്ന ഭവനങ്ങളില്‍ ഒന്നും ഉണ്ടാവുകയില്ല എന്ന് പറയാറുണ്ട്. ഒപ്പം സാംസ്‌കാരികവും ഭാഷാപരവും ആശയപരവുമായ ഉയര്‍ച്ചയും ലഭിക്കുന്നു. പൈങ്കിളി കഥകളെക്കാള്‍ മനോഹരമാണ് മഹാഭാരതത്തിലെയും കഥകള്‍ എന്ന് അവരെ മനസ്സിലാക്കിക്കാന്‍ നമുക്ക് കഴിയണം.
പുരാണേതിഹാസാദി വിഷയങ്ങള്‍ വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ അവരറിയാതെ ഒരു മനശക്തി കൈവരിക്കുന്നു. ഇത് പുതിയ ഒരു സംസ്‌കാരത്തിന് ഉതകുന്നു. പെണ്‍കുട്ടിക്ക് സാംസ്‌കാരിക ഉണര്‍വ് ഉണ്ടായാല്‍ ഇന്നവള്‍ അനുഭവിക്കുന്ന പല യാതനകളെയും അതിജീവിക്കാന്‍ കഴിയും. ജീവിതത്തിന്റെ അന്തസത്ത മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് ജീവിതം വെറും സുഖഭോഗങ്ങള്‍ക്കുള്ള ഒരു ഉപാധി മാത്രം. ജീവിത സുഖമെന്ന് കരുതുന്ന വെറും പൊള്ളയായ സുഖലോലുപത ലഭിക്കാതെ വരുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഇന്നത്തെ ചെറുപ്പക്കാര്‍ ഒരുമ്പെടുന്നത് എന്തുകൊണ്ടാണ് ? ജീവിക്കുക എന്നു പറഞ്ഞാല്‍ സുന്ദരനായ ഒരു ഭര്‍ത്താവും നല്ല കുറേ സാരികളും കുറെ സിനിമകളും ആണോ ? ഒരു പെണ്‍കുട്ടിയുടെ മനസ്സിന്റെ സങ്കല്പങ്ങള്‍ക്ക് കുടുംബം, ദാമ്പത്യം എന്നതിനൊക്കെ വ്യാപകമായ ഗഹനമായ ചില തത്വങ്ങള്‍ ഉണ്ടെന്ന് അവരറിയുന്നത് നമ്മുടെ പൈതൃക സംഭാവനകള്‍ ആയ പുരാണേതിഹാസാദികള്‍ അറിയുമ്പോഴാണ്.
ഇപ്പോള്‍ നാം രാമായണ മാസം ആചരിക്കുന്നു. കര്‍ക്കിടക മാസം കഷ്ടതകള്‍ ആണെന്നാണ് പഴയ കാല സങ്കല്പം. കാരണം അന്നൊക്കെ പ്രകൃതി വല്ലാതെ കോപിഷ്ഠയായിരുന്നു. ഈ മാസം മുഴുവനും പേമാരി, കൊടും തണുപ്പ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മനുഷ്യനെ നിസ്സഹായനാക്കിയിരുന്നു. അപ്പോള്‍ അതിന്റെയൊക്കെ കാഠിന്യം കുറയ്ക്കാന്‍ അവര്‍ പ്രകൃതിയെ പൂജിച്ചു. മരങ്ങളെ വണങ്ങി ദശപുഷ്പങ്ങള്‍ തലയില്‍ അണിഞ്ഞു. ക്ഷേത്രത്തില്‍ പോയി മനംനൊന്ത് വിളിച്ചു കരഞ്ഞു പ്രാര്‍ത്ഥിച്ചു. അങ്ങനെ കര്‍ക്കിടകം പോയി സുന്ദരിയായ ചിങ്ങം വരവായി. വീട്ടമ്മമാര്‍ അത്യുത്സാഹത്തോടെ പൂവിളിയോടെ ആ സുന്ദരിയെ വരവേല്‍ക്കാന്‍ മുറ്റത്തെത്തുകയായി. മനസ്സും പ്രകൃതിയും ഒരുപോലെ പ്രസന്ന. ഇന്നത്തെ സ്ഥിതി കര്‍ക്കിടകവും ചിങ്ങവും യുവ മനസ്സില്‍ ഒരു പ്രതികരണവും ഉണ്ടാക്കുന്നില്ല. പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടില്ല എന്ന തോന്നലാണ് അവര്‍ക്ക്. പ്രകൃതി ചിരിച്ചാലും മുഖം കറുപ്പിച്ചാലും അവരുടെ മുഖത്ത് കരിവാളിപ്പ്, നിരാശ, ദുഃഖം അമര്‍ഷം ഒക്കെയാണ്.
ഇതിനൊക്കെ ഒരു പരിഹാരമേ ഉള്ളൂ ആത്മീയതയെ ഉണര്‍ത്തുക. നമ്മുടെ പഴയതായ ആചാരങ്ങള്‍ വീണ്ടും ഭവനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരിക. എല്ലാ ചടങ്ങുകളും ആചാരങ്ങളും ഉത്സവ വേളകളായി കരുതി കുടുംബാംഗങ്ങള്‍ ഒക്കെ ഒത്തുചേര്‍ന്ന് ആഘോഷിക്കുക. തീരെ കുട്ടിക്കാലത്ത് തന്നെ മക്കളെ സ്വന്തം മതത്തെയും സംസ്‌കാരത്തെയും പറ്റി ബോധമുള്ളവരീക്കി വളര്‍ത്തുക. എല്ലാ മതവിശ്വാസികളോടുമുള്ള ഒരു അഭ്യര്‍ത്ഥനയാണിത്. മതബോധം ഇല്ലാതാക്കല്‍ എന്നല്ല മതേതരത്വം എന്ന വാക്കിന്റെ അര്‍ത്ഥം. സര്‍വ്വമതങ്ങളെയും ഒരുപോലെ ആദരിച്ച് അവയില്‍ അടങ്ങിയ മഹത് തത്വങ്ങളെ ജീവിതത്തിന്റെ ആധാരശിലയായി ഉറപ്പിക്കുകയാണ് എന്നതാണ്.
അന്യമതസ്ഥരുടെ ചിട്ടയായ ജീവിതക്രമവും നിയമ ബാധ്യതയുമാണ് അവരുടെ ഉയര്‍ച്ചയ്ക്കു? ഏക കാരണം. നമ്മെ സംബന്ധിച്ചിടത്തോളം എവിടെ തുടങ്ങണം ? എങ്ങനെ ചെയ്യണം ആരെ വണങ്ങണം എന്നും നിര്‍ബന്ധമില്ല. ഇഷ്ടംപോലെ ജീവിക്കാനും ഏതു ജീവിത രീതി തെരഞ്ഞെടുക്കാനും ഹിന്ദുക്കളായ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഹിന്ദു സംസ്‌കാരത്തിന്റെ അനന്യ സാധാരണമായ ഈ മഹാമനസ്‌കതയോ വിശാലതയോ നമ്മെ നന്നാക്കിയിട്ടില്ല. ഈ സംസ്‌കാരം എല്ലാ സ്വീകരിച്ചു എന്നല്ലാതെ ഒന്നും അടിച്ചേല്‍പ്പിച്ചിട്ടില്ല. എന്നാല്‍ പൊരുള്‍ മനസ്സിലാകാതെ സ്വന്തം ഭാഷ്യങ്ങള്‍ രചിച്ചു നാം കാടുകയറി പോകുന്നു. ആധുനികതയുടെ പേര് പറഞ്ഞ് പെണ്‍കുട്ടികളെ പോലും നാം ദൈവഭയം ഇല്ലാത്തവരാക്കി വളര്‍ത്തുന്നു. ഇന്നവര്‍ക്ക് നാമം ജപിച്ചു കൂടാ. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ചുണ്ടുകള്‍ നന്നായി ഇതിഹാസപാരായണം ചെയ്യേണ്ടതുണ്ടെന്ന് അറിയുക.
സ്ത്രീകളാണ് ഭവനത്തിലെ നെടുംതൂണുകള്‍. അപ്പം കൊണ്ടുമാത്രം ജീവിക്കാനാവില്ല. നമുക്ക് ആത്മാവിനും ഭക്ഷണം നല്‍കണം. മതം മനുഷ്യന് വിട്ടുകളയാനാവില്ല. സദാചാരമൂല്യങ്ങള്‍ക്ക് അടിസ്ഥാനം ഓരോ മതത്തിന്റെയും തത്വസംഹിതകളും നിയമങ്ങളും ആണ്. വീട്ടിനുള്ളില്‍ അത് നടപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടത് സ്ത്രീയുടെ കടമയാണ്. എല്ലാം ഇട്ടിറിഞ്ഞ് ഓടിപ്പോയി കാവിയുടുത്ത് സന്യസിച്ചു കഴിഞ്ഞു കഴിയാന്‍ ഒരു സ്ത്രീക്കും കഴിയില്ല. കാരണം കുടുംബത്തിലെ ബന്ധങ്ങള്‍ അവള്‍ക്ക് ഒരുതരം ബന്ധനം മാത്രം. അനുനിമിഷം കെട്ടുകള്‍ അവളെ വരിഞ്ഞുമുറുക്കുമ്പോഴും സുഖമുള്ള വേദന അവളെ ആത്മീയമായി ഉണര്‍ത്തുകയാണ്. ദൈവത്തിനോട് അവള്‍ കൂടുതല്‍ പ്രേമം കാട്ടുകയും ശരണം പ്രാപിക്കുകയും ചെയ്യുന്നു. അതുവഴിയുള്ള ആത്മമോക്ഷം അവള്‍ക്ക് മാത്രമല്ല ആ കെട്ടിനുള്ളില്‍ ബന്ധിച്ചിരിക്കുന്നവര്‍ക്കെല്ലാം ലഭിക്കുന്നു. വീട് അവള്‍ക്ക് കര്‍മ്മ ക്ഷേത്രവും പുണ്യ ക്ഷേത്രവും ആണ്. നാഗവും നരകവും നമ്മുടെ കര്‍മ്മങ്ങളുടെ ഫലമാണ്. ആത്മാവ് ഉണര്‍ന്നാല്‍ പിന്നെ പുരുഷാര്‍ത്ഥങ്ങള്‍ എത്ര ലളിതം. വിഷത്തെ പീയൂഷതുല്യം പാനം ചെയ്ത് ഭക്തിയുടെയും ആത്മീയ ശക്തിയുടെയും അപാര കഴിവുകള്‍ കാട്ടിയ മീര ഭാരതീയ സ്ത്രീയുടെ മനസ്സില്‍ എന്നും പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു. ആ ഭക്തിയില്‍ നിന്നുതിര്‍ത്ത ഗാനങ്ങള്‍ നമുക്ക് അമൃതവര്‍ഷിണിയാണ്. ദുഃഖത്തെയും സുഖമാക്കി മാറ്റുവാന്‍ കഴിവുള്ള മനശക്തി ആധ്യാത്മിക ചിന്തക്കും അതുമൂലം ഉണ്ടാകുന്ന ഭക്തിക്കും ഉണ്ടെന്നുള്ളത് അനുഭവിച്ചവര്‍ക്കേ അറിയൂ.
Discussion about this post