ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1.18 ലക്ഷം കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കേരളത്തിന് നികുതി വിഹിതമായി 2277 കോടി രൂപ ലഭിക്കും, തമിഴ്നാട് – 4825 കോടി, ഗുജറാത്ത് -4114 കോടി, കര്‍ണാടക – 4314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.
നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാംഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുന്‍കൂറായി നല്‍കിയിട്ടുണ്ട്. സാധാരണ പ്രതിമാസ വിഹിതം 59140 കോടി രൂപയാണ്. ഇതിന്റെ ഉരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സംസ്ഥാനങ്ങളുടെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍, മുന്‍ഗണനാ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ഈ പണം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞിരിക്കുന്ന കേരള സര്‍ക്കാരിന് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് തിരിച്ചടിയായിരുന്നു. ഇതില്‍ താത്കാലിക ആശ്വാസമായിരിക്കുകയാണ് കേന്ദ്രം അനുവദിച്ച നികുതിവിഹിതം.
Discussion about this post