പുരാണങ്ങളിലൂടെ…
മഹാദേവന്‍ കിരാതനായി അവതരിച്ചിട്ടുണ്ട്. ആ അവതാരത്തില്‍ അദ്ദേഹം മൂകന്‍ എന്നു പേരുള്ള ഒരു ദൈത്യനെ വധിച്ചിട്ടുമുണ്ട്. ദുര്യോധനന്‍ പാണ്ഡവന്മാരെ ചൂതില്‍ തോല്പിച്ചപ്പോള്‍ ആ പാണ്ഡവന്മാര്‍ പാഞ്ചാലിയോടൊപ്പം ദ്വൈതവനത്തില്‍ പ്രവേശിച്ചു. അവിടെ സൂര്യഭഗവാന്‍ അവര്‍ക്ക് കൊടുത്ത അക്ഷയപാത്രത്തെ ആശ്രയിച്ച് അവര്‍ സമൃദ്ധിയോടെ ജീവിച്ചു. ആ സമയത്ത് സുയോധനന്‍ ക്ഷിപ്രകോപിയായ ദുര്‍വ്വാസാവിനെ പാണ്ഡവരുടെ അടുക്കലേയ്ക്ക് പറഞ്ഞുവിട്ടു. തന്റെ 1000 ശിഷ്യന്മാരുമൊത്താണ് ദുര്‍വ്വാസാവ് പാണ്ഡവരുടെ അടുത്ത് ചെന്നത്. 1000 പേര്‍ക്കും തനിക്കും സമൃദ്ധമായ ആഹാരം വേണമെന്ന് ക്ഷിപ്രകോപിയായ ദുര്‍വ്വാസാവും കല്പിച്ചു. മുനിയുടെ അഭ്യര്‍ത്ഥന പാണ്ഡവര്‍ സ്വീകരിച്ചു. കുളികഴിഞ്ഞ് ഭക്ഷണത്തിനെത്തുവാന്‍ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ ആഹാരമില്ലാത്ത കാര്യം പാണ്ഡവര്‍ വൈകിയാണറിഞ്ഞത്. പാണ്ഡവരാകെ പരിഭ്രമിച്ചു. അവര്‍ സങ്കടത്തിന്റെ പടുകുഴിയില്‍ ആണ്ടുപോയി. ക്ഷിപ്രകോപിയായ മുനി സ്‌നാനം കഴിഞ്ഞ് ഭക്ഷണത്തിനെത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് അവര്‍ കിടുകിടാ വിറച്ചു. കൂട്ടത്തോടെ ആത്മഹത്യ ചെയ്താലെന്തെന്നു കൂടി അവര്‍ വിചാരിച്ചു. ഗത്യന്തരമില്ലാത്ത ആ ദയനീയാവസ്ഥയില്‍ ദ്രൗപതി ശ്രീകൃഷ്ണനെ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഞൊടിയിടയില്‍ ഭഗവാന്‍ അവിടെ എത്തി അക്ഷയ പാത്രത്തിന്റെ ഒരു ഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന ചീരയുടെ അണുമാത്രമായ ഒരംശം ഭഗവാനെടുത്ത് കഴിച്ചു. ഉടന്‍ തന്നെ സ്‌നാനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ദുര്‍വ്വാസാവിന്റെയും 1000 ശിഷ്യന്മാരുടെയും വയര്‍ നിറഞ്ഞു. അവര്‍ മൃഷ്ടാന്ന ഭോജനം കഴിച്ചവരായി മാറി. അതുകൊണ്ട് ഋഷിമാര്‍ പാണ്ഡവ സവിധത്തില്‍ വരാതെ മടങ്ങിപ്പോയി. പിന്നീട് ശ്രീകൃഷ്ണനും വ്യാസനും ശിവ പൂജ നടത്തുവാന്‍ പാണ്ഡവരെ ഉപദേശിച്ചു. തുടര്‍ന്നു വ്യാസ ഭഗവാന്‍ അര്‍ജ്ജുനന് ശക്രവിദ്യ ഉപദേശിച്ചു.
അതിനുശേഷം വ്യാസ ഭഗവാന്‍ അര്‍ജ്ജുനനോട് നിര്‍ദ്ദേശിച്ചു-പാര്‍ത്ഥാ നീ ഇന്ദ്രകീല പര്‍വ്വതത്തില്‍ പോകുക. അവിടെ ജാഹ്‌നിവീ നദീ തീരത്ത് ഇരുന്ന് ശിവന്‍ തപസ്സ് അനുഷ്ഠിക്കുക. ശിവ മന്ത്രം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ തന്നെ അര്‍ജ്ജുനന്‍ തേജോമയനാകാന്‍ തുടങ്ങി. നാലു സഹോദരന്മാരുടെയും ദ്രൗപതിയുടെയും അനുമതി വാങ്ങിയ അര്‍ജ്ജുനന്‍ ഇന്ദ്രകീലത്തിലേയ്ക്ക് യാത്രയായി. അവിടെ ഗംഗാതീരത്ത് അശോകവന സദൃശ്യമായ സ്ഥാനത്ത് അര്‍ജ്ജുനന്‍ തങ്ങി. തുടര്‍ന്ന് ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് അതിനു മുന്നിലിരുന്ന് ശങ്കരനെ ധ്യാനിക്കാന്‍ തുടങ്ങി. ദിവസവും 3 നേരം കുളിച്ച് സംശുദ്ധചിത്തത്തോട് കൂടി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ശിവ പൂജ നടത്തിക്കൊണ്ടിരുന്നു. അപ്രകാരം ശിവ പൂജയില്‍ നിരതനായിരുന്ന അര്‍ജ്ജുനന്റെ ശിരോഭാഗത്തുനിന്നും തേജസ് പ്രസരിക്കാന്‍ തുടങ്ങി. അതുകണ്ട് ഇന്ദ്രന്റെ ചാരന്മാര്‍ ഭയന്നുപോയി. ആ ചാരന്മാര്‍ ഉടന്‍ തന്നെ ഇന്ദ്രനെ കാര്യം ധരിപ്പിക്കാനായി ഓടിപ്പോയി. ഇന്ദ്രന്റെ മുമ്പില്‍ ചെന്ന അവര്‍ അവരുടെ അനുഭവം വെളിപ്പെടുത്തി-ദേവേശാ വനത്തില്‍ ഒരു പുരുഷരൂപം തപസ്സനുഷ്ഠിക്കുന്നു. അയാള്‍ ദേവതയാണോ ഋഷിയാണോ സൂര്യനാണോ അഗ്നിയാണോ എന്ന് മനസ്സിലാകുന്നില്ല. അയാളുടെ ശിരസ്സില്‍ നിന്നും പ്രവഹിക്കുന്ന തേജസ്സ് ഞങ്ങളെ തപ്തരാക്കുന്നു. കാര്യം ഇതാ അങ്ങയെ ധരിപ്പിച്ചിരിക്കുന്നു. വേണ്ടുന്നത് ചെയ്തുകൊള്ളുക.
ഗുപ്തചരന്മാരുടെ വാക്കുകള്‍ സശ്രദ്ധം കേട്ട ഇന്ദ്രന് തന്റെ പുത്രനായ അര്‍ജ്ജുനന്റെ മനോരഥം മനസ്സിലായി. ഒരു വൃദ്ധ ബ്രഹ്മചാരിയുടെ വേഷം അണിഞ്ഞ് ഇന്ദ്രന്‍ അര്‍ജ്ജുനന്റെ മുന്നില്‍ എത്തിയ ബ്രഹ്മചാരിയായ ബ്രാഹ്മണനെ കണ്ടയുടന്‍ പാണ്ഡുപുത്രനായ അര്‍ജ്ജുനന്‍ യഥാവിധി പൂജിച്ച് ഉപചരിച്ചു. എന്നിട്ട് അന്വേഷിച്ചു- ബ്രഹ്മന്‍ എവിടെ നിന്നുമാണ് അങ്ങ് ഇങ്ങോട്ടു എഴുന്നള്ളിയത്. ഇന്ദ്രന്‍ തന്റെ സ്വരൂപം പ്രകടിപ്പിച്ച്‌കൊണ്ട് അര്‍ജ്ജുനന് ശങ്കരമന്ത്രം ഉപദേശിച്ചുകൊടുത്തു. ഈ ശങ്കര മന്ത്രം അര്‍ജ്ജുനനെ മഹാ ധൈര്യവാനാക്കിതീര്‍ത്തു. സമപ്ത ഐശ്വര്യങ്ങളും ഭഗവാന്‍ ശിവന്‍ അര്‍ജ്ജുനന് പ്രദാനം ചെയ്യും എന്ന് അനുഗ്രഹിച്ചിട്ട് അവിടെ നിന്നും പോയി. ഒറ്റക്കാലില്‍ സൂര്യാഭിമുഖമായി നിന്നുകൊണ്ട് അര്‍ജ്ജുനന്‍ ശിവമന്ത്രം ജപിക്കുവാന്‍ തുടങ്ങി. നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ചൊല്ലിയുള്ള ആ ഘോരമായ തപസ്സ് വളരെക്കാലം നടന്നു. തപസ്സിന്റെ തേജോനിധിയായി മാറിയ അര്‍ജ്ജുനന്റെ ഈ വൃത്താന്തം ദേവന്മാര്‍ മഹേശ്വരനെ ധരിപ്പിച്ചു.
അഭംഗുരം നടന്നുവന്ന ആ തപസ്സിനിടയില്‍ മൂകാസുരന്‍ ശുകരരൂപം(പന്നി) ധരിച്ച് അര്‍ജ്ജുനന്റെ മുന്നില്‍ എത്തി. മായാവിയായ ദുര്യോധനന്‍ ആ ശുകരത്തെ അര്‍ജ്ജുനന് നേരെ വിട്ടതാണ്. അര്‍ജ്ജുനന്‍ ഇരിക്കുന്നതിന് നേരെ പര്‍വ്വതങ്ങളെയും വൃക്ഷങ്ങളെയും എല്ലാം കുത്തി പിളര്‍ന്നുകൊണ്ട് ആ പന്നി പാഞ്ഞടുത്തു. ഇതുകണ്ട അര്‍ജ്ജുനന്‍ പരമേശ്വരനെ ധ്യാനിച്ചുകൊണ്ട് വിചാരിക്കാന്‍ തുടങ്ങി. ഈ മൃഗം ഏതാണ്ട് എന്റെ നേരെ എന്തിന് പാഞ്ഞുവരുന്നു. ഇതൊരു ദുഷ്ട ജന്തുതന്നെ. എന്നെ വകവരുത്താനാണ് ഇങ്ങനെ പാഞ്ഞുവരുന്നതെന്ന് തോന്നുന്നു. എന്റെ മനസ്സ് ഇക്കാര്യം മന്ത്രിക്കുന്നുണ്ട്. മനസ്സിന് പ്രയാസം തരുന്ന ഒരു ജീവിയെ ദര്‍ശിക്കാന്‍ ഇടയായാല്‍ ആ ജീവി ശത്രു തന്നെയാണെന്നതിന് സംശയം ഇല്ല. ഒരുവന്റെ ആചാര മര്യാദ കണ്ടാല്‍ അവന്‍ കുലീനനല്ലയോ ആണോ എന്ന് തീര്‍ച്ചപ്പെടുത്തണം. ശരീരം കണ്ടാല്‍ അവന്റെ ആഹാര രീതി മനസ്സിലാകും. വര്‍ത്തമാനം പറഞ്ഞുതുടങ്ങിയാല്‍ അവന്റെ വിവരത്തെക്കുറിച്ചും മനസ്സിലാകും. ഒരുവന്റെ കണ്ണില്‍ നോക്കിയാല്‍ മതി അവന് നമ്മോട് സ്‌നേഹം ഉണ്ടോ ഇല്ലയോ എന്ന് ബോധ്യമാകും. ഒരു സുഹൃത്തിനെ കാണുമ്പോള്‍ നേത്രം വികസിക്കും. പുത്രനെ കാണുമ്പോള്‍ കണ്ണ് സരസമാകും. കാമിനിയെ കണ്ടാല്‍ കണ്ണ് വക്രമാകും. ശത്രുവിനെ കണ്ടാല്‍ കണ്ണ് ചുമക്കും. ഈ പാഞ്ഞുവരുന്ന പന്നിയെ കണ്ടപ്പോള്‍ എന്റെ പഞ്ചേന്ദ്രീയങ്ങളും കലുഷിതമായിക്കഴിഞ്ഞു. അതുകൊണ്ട് ഈ ശുകരം എന്നെ കൊല്ലാന്‍ വരിക തന്നെ. അതുകൊണ്ടിതിനെ ഞാന്‍ തന്നെ നേരത്തെ കൊല്ലാം. അര്‍ജ്ജുനന്‍ വില്ലെടുത്തു കുലച്ചു തയ്യാറായി നിന്നു.
ഇതിനിടയില്‍ ഭക്തവത്സലനായ ഭഗവാന്‍ ശങ്കരന്‍ അര്‍ജ്ജുനനെ രക്ഷിക്കുവാനും പരീക്ഷിയ്ക്കാനും ദൈത്യനെ ഹനിക്കുവാനും വേണ്ടി അവിടെ എത്തിക്കഴിഞ്ഞു. കാട്ടാള വേഷം ധരിച്ചാണ് ശിവന്‍ അവിടെ എത്തിയത്. ശിവഗണങ്ങളും കൂടെ ഉണ്ടായിരുന്നു. ഇതിനിടെയില്‍ ശുകരത്തിന്റെ ചീറ്റിവിളി 10 ദിക്കിലും പരന്നു. ആ ഭീകരധ്വനിയില്‍ അചലങ്ങള്‍ പോലും ചലിക്കാന്‍ തുടങ്ങി. ഞൊടിയിടയില്‍ അര്‍ജ്ജുനന്‍ ബാണം ലക്ഷ്യമാക്കിയ ആ തടിയന്‍ പന്നി അവിടെ എത്തിക്കഴിഞ്ഞു. പന്നിയുടെ പിന്നാലെ മഹാദേവനെയും കണ്ടും. ഇപ്രകാരം അമ്പും വില്ലുമായി നില്‍ക്കുന്ന അര്‍ജ്ജുനനും ശിവനുമിടയില്‍ ആ ശുകരം നിലകൊണ്ടു. അര്‍ജ്ജുനനെ രക്ഷിക്കാന്‍ മഹാദേവനും സ്വയം രക്ഷയ്ക്കുവേണ്ടി ശിവനും പന്നിയുടെ നേരെ അമ്പ് പായിച്ചത് ഒരേ സമയത്തായിരുന്നു. മഹാദേവന്റെ അമ്പ് പൃഷ്ടഭാഗത്തും അര്‍ജ്ജുനന്റെ അമ്പ് അതിന്റെ മുഖത്തുമായിരുന്നു തറച്ചത്. പന്നിയുടെ പൃഷ്ടത്തില്‍ തറച്ച മഹാദേവന്റെ അമ്പ് വായിലൂടെ പുറത്തുവന്ന് ഭൂമിയില്‍ അപ്രത്യക്ഷമായി. അര്‍ജ്ജുനന്റെ അമ്പാകട്ടെ വായിലൂടെ പ്രവേശിച്ചത് പൃഷ്ട ഭാഗത്തിലൂടെ പുറത്തുപോയി. ശുകര രൂപ ധാരിയായ ദൈത്യന്‍ ഭൂമിയില്‍ ചത്തു മലര്‍ന്നടിച്ചുവീണു. ഇതു കണ്ട ദേവന്മാരെല്ലാം പുഷ്പ വൃഷ്ടി നടത്തി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. അര്‍ജ്ജുനന് ആശ്വാസമായി ശിവന്‍ തന്നെയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് അര്‍ജ്ജുനന് ബോധ്യമായി. അര്‍ജ്ജുനന്‍ ശിവനാമ സങ്കീര്‍ത്തനം ചൊല്ലി മഹാദേവനെ സ്തുതിക്കുകയും ചരണങ്ങളില്‍ വീണ് പ്രണമിക്കുകയും ചെയ്തു.
ഏതു ഘോര വനത്തിലായാലുംശരി നന്മ നിറഞ്ഞവന് ദൈവം തുണയായിരിക്കും. അര്‍ജ്ജുനനെ കുത്തി മലര്‍ത്താന്‍ വന്ന ഭീകരനായ തേറ്റപ്പന്നിയെ ശിവന്‍ അസ്ത്രം കൊണ്ടു തടുത്തില്ലായിരുന്നെങ്കില്‍ അര്‍ജ്ജുനന്റെ കഥ കഴിഞ്ഞുപോയേനെ. അചഞ്ചലനായ ഭക്തനാണെങ്കില്‍ ആവശ്യപ്പെടാതെ തന്നെ അവന്റെ സംരക്ഷണം ഭഗവാന്‍ ഏറ്റെടുത്തിരിക്കും. അക്കാര്യമാണ് ഈ കഥയിലെ പൊരുള്‍.
Discussion about this post