ഗുരുവായൂര്‍: ഉത്രാടത്തിന് ഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി ഭക്തര്‍ സമര്‍പ്പിച്ചത് 1600 ഓളം കാഴ്ചക്കുലകള്‍. രാവിലെ ശീവേലിക്കുശേഷം ഏഴരയോടെ തുടങ്ങി രാത്രി തൃപ്പുക കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ കാഴ്ചക്കുലകളുമായി ഭക്തര്‍ ക്ഷേത്രത്തില്‍എത്തിക്കൊണ്ടിരുന്നു. ഗജരത്‌നം പത്മനാഭന്‍ കോലമേറ്റി നടന്ന ശീവേലിക്കുശേഷം സ്വര്‍ണ്ണക്കൊടിമരച്ചുവട്ടില്‍ ചടങ്ങ് ആരംഭിച്ചു. മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യത്തെ കാഴ്ചക്കുല സമര്‍പ്പിച്ചു.
ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ഗീതാ ഗോപി എം.എല്‍.എ., ദേവസ്വം ഭരണസമിതി അംഗങ്ങളായ തുഷാര്‍ വെള്ളാപ്പള്ളി, കെ. ശിവശങ്കരന്‍, അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്വ. മധുസൂദനന്‍ പിള്ള, എന്‍. രാജു, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍ തുടങ്ങിയവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു മടങ്ങി. ലഭിച്ച കാഴ്ചക്കുലകളില്‍ ഒരുഭാഗം തിരുവോണസദ്യയ്ക്ക് പഴപ്രഥമന്‍ തയ്യാറാക്കാന്‍ മാറ്റിവെച്ചു. ബാക്കി കുലകള്‍ ലേലം ചെയ്ത വകയില്‍ ഒന്നരലക്ഷത്തോളം രൂപ ദേവസ്വത്തിന് ലഭിച്ചു.
Discussion about this post