ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളം ലോകത്തിന് സംഭാവന ചെയ്ത സന്യാസിശ്രേഷ്ഠന്മാരില്‍ പ്രമുഖനാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതികള്‍. ആ യതിവര്യന്റെ 76-ാം ജയന്തി ഇന്ന് ലോകമെമ്പാടും ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ കപട വിപ്ലവകാരികളുടെയും കപട മതേതരവാദികളുടെയുമൊക്കെ സ്വാധീനത്തില്‍ അകപ്പെട്ട് സ്വന്തം സ്വത്വം തിരിച്ചറിയാനാകാതെ ഉറങ്ങുകയോ ഉറക്കംനടിക്കുകയോ ചെയ്ത കേരളത്തിലെ ഹൈന്ദവജനതയെ തട്ടിയുണര്‍ത്തിയത് ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതിയാണ്.
ഹൈന്ദവനവോത്ഥാനത്തിന്റെ ആ നാളുകള്‍ ഹൈന്ദവജനതയെ ഓര്‍മ്മിപ്പിച്ചത് തങ്ങളുടെ ഭാവി ഭാസുരമായിരിക്കുമെന്നാണ്. എന്നാല്‍ തന്റെ തപശ്ചക്തിയും ചിന്തയും ആരോഗ്യവും ഹൈന്ദവജനതയുടെ ഏകോപനത്തിനും പുരോഗതിക്കും അതിലൂടെ ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി വിനിയോഗിച്ചെങ്കിലും അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തതിന്റെ പേരില്‍ ഇന്ന് ഹൈന്ദവസമൂഹം വിലപിക്കുകയാണ്.
ആദിവാസിമുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവസമുദായങ്ങളെ ഒരു മാലയില്‍കോര്‍ത്തുകൊണ്ട് ഹൈന്ദവസമൂഹത്തെ സ്വയംപര്യാപ്തമായ സംഘടിതശക്തിയായി ഉയര്‍ത്തുകയായിരുന്നു സ്വാമിജിയുടെ സ്വപ്നം. അത് അദ്ദേഹത്തിന് പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയാത്തതിന്കാരണം ഹൈന്ദവ സമുദായ നേതൃത്വങ്ങള്‍തന്നെയാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എത്രവലിയ നഷ്ടമാണ് സ്വാമിജിയുടെ ഭൗതികമായ വേര്‍പാടിലൂടെ ഉണ്ടായതെന്ന് ഓരോദിനവും ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വാമിജിയുടെ സമാധിക്കുശേഷം കേരളത്തിലെ ഹൈന്ദവസമൂഹത്തിനുമുമ്പില്‍ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ ഉയരുമ്പോള്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഹിന്ദുക്കളില്ല.
ഇപ്പോള്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തെ ഇരുത്തിചിന്തിപ്പിക്കുന്നത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സമ്പത്ത് സംബന്ധിച്ച വിഷയമാണ്. ഈ സമ്പത്ത് എങ്ങനെ വിനിയോഗിക്കണമെന്നതിനെ സംബന്ധിച്ച് ഒട്ടേറെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സുപ്രീംകോടതിയുടെ അന്തിമതീരുമാനം ഇതുവരെയുണ്ടായിട്ടില്ല. അതിനിടയിലാണ് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായിവിജയന്‍ കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് ഗുരുവായൂര്‍ ദേവസ്വംമാതൃകയില്‍ ഭരണസമിതിരൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. ഇതിനേക്കാളൊക്കെ ഗുരുതരമായ മറ്റൊരഭിപ്രായമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സമ്പത്ത് പൊതുസ്വത്താണെന്നത്.
ശ്രീപത്മനാഭസ്വാമിസന്നിധിയില്‍ ഭക്തജനങ്ങളും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും ക്ഷേത്രത്തിലെത്തിയ മറ്റു രാജാക്കന്മാരുമൊക്കെ കാണിക്കയായി സമര്‍പ്പിച്ചതാണ് അവിടെ ഇന്നുകണ്ടെത്തിയ സ്വത്തുമുഴുവന്‍. ഇത് നൂറ്റാണ്ടുകളിലൂടെ സ്വരൂക്കൂട്ടിയതാണ്. ഇതിനെ ക്ഷേത്ര സമ്പത്ത് എന്നുപറയുന്നത് തന്നെ അസംബന്ധമാണ്. കാണിക്കയായി അര്‍പ്പിച്ചതിനെ സമ്പത്ത് എന്ന് വ്യാഖ്യാനിച്ചുകൊണ്ട് കൈയടക്കാനുള്ള ശ്രമമാണ് പിണറായിയുടെ വാക്കുകള്‍ക്കുപിന്നില്‍. ഇപ്പോള്‍ സ്വാമി സത്യാനന്ദസരസ്വതികള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ പിണറായിവിജയന്‍ ഇങ്ങനെ പറയാന്‍ ധൈര്യപ്പെടില്ലായിരുന്നു. അഥവാ പറഞ്ഞാല്‍ അദ്ദേഹത്തെ വായടപ്പിച്ചുകൊണ്ടുള്ള മറുപടിയായിരിക്കും സ്വാമിജിയില്‍നിന്നുണ്ടാവുക.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ മഹത്വം അറിയില്ല. അതുപോലെയാണ് സ്വാമിജിയുടെ അഭാവം ഹിന്ദുസമൂഹത്തെ ഓരോ നിമിഷവും ഓര്‍പ്പിപ്പിക്കുന്നത്. സ്വാമിജി തുടങ്ങിവയ്ക്കുകയും പൂര്‍ത്തിയാക്കാന്‍ തന്റെ ശിഷ്യഗണങ്ങള്‍ക്കു ബാക്കിവച്ചതുമായ കര്‍മ്മകാണ്ഡങ്ങളുണ്ട്. ഹൈന്ദവ സമൂഹത്തിന്റെ സാമൂഹ്യ – സാമ്പത്തിക – സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കി സ്വാമിജി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ട ബാദ്ധ്യത കേരളത്തിലെ ഹൈന്ദവ സമൂഹത്തിനാണ്. അദ്ദേഹം ആവിഷ്‌ക്കരിച്ച ശബരിമല വികസനം സംബന്ധിച്ച ഹരിവരാസനം പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കുക എന്നതും ഹൈന്ദവസമൂഹം ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്.
സ്വാമി സത്യാനന്ദസരസ്വതികളുടെ ജയന്തി ആഘോഷിക്കുന്ന ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന യത്‌നത്തിന് തുടക്കംകുറിക്കുക എന്നതാണ് നമ്മള്‍ ഓരുരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യം. അതിനുള്ള പ്രതിജ്ഞ വീണ്ടും പുതുക്കി ആ കര്‍മ്മപഥത്തിലേക്ക് പ്രയാണം ആരംഭിക്കാന്‍ ഇനിയും വൈകരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു.
Discussion about this post