വാഷിംഗ്ടണ്‍: രാജ്യങ്ങള്‍ തിരിച്ച് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റായ ട്വിറ്റര്‍ വ്യക്തമാക്കി. അനാവശ്യമായ സന്ദേശങ്ങള്‍ അതാത് രാജ്യത്ത് മാത്രം അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സന്ദേശം കാണാനും വായിക്കാനും സാധിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ ബ്ലോഗില്‍ വ്യക്തമാക്കി.
നേരത്തെ സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കിയാല്‍ സൈറ്റില്‍ നിന്ന് പൂര്‍ണമായി ഇത് അപ്രത്യക്ഷമായിരുന്നു. ലോകത്തിന്റെ പലഭാഗത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ ട്വിറ്റര്‍ പോലുളള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഉപകരണമായി ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്റര്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പല രാജ്യങ്ങളിലും പല താല്‍പര്യങ്ങളുണ്ടാകുമെന്നും പുതിയ സാങ്കേതിക വിദ്യ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നു.
പുതിയ സാങ്കേതിക വിദ്യ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ട്വിറ്റര്‍ ആവശ്യമെന്ന് തോന്നുമ്പോള്‍ ഇത് ഉപയോഗിക്കുമെന്നും യഥാസമയം ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കുമെന്നും ബ്ലോഗില്‍ വിശദീകരിക്കുന്നു.
Discussion about this post