ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്കില്‍ ആദ്യദിവസം ശക്തമായിരുന്നു. ഡല്‍ഹിക്കടുത്ത് നോയിഡയില്‍ സമരാനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. സമരക്കാര്‍ ഫാക്ടറിക്ക് തീയിട്ടു. നിരവധി വാഹനങ്ങള്‍ക്കും തീവെച്ചു. സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവാണ്. പാളയത്ത് വാഹനം തടഞ്ഞവരെ പോലീസ് കസ്റഡിയിലെടുത്തു. കൊച്ചി വൈറ്റിലയില്‍ പ്രകടനം നടത്തിയ പണിമുടക്ക് അനുകൂലികള്‍ ബൈക്ക് യാത്രക്കാരെ തടഞ്ഞ് ആക്രമിച്ചു. വൈറ്റില ജംഗ്ഷനില്‍ പ്രകടനം എത്തിയപ്പോഴായിരുന്നു പ്രകടനത്തില്‍ പങ്കെടുത്ത ഏതാനും പേര്‍ അതുവഴി പോയ ഇരുചക്ര വാഹനങ്ങള്‍ തടഞ്ഞത്. ബൈക്കുകള്‍ മറിച്ചിട്ട ഇവര്‍ യാത്രക്കാര്‍ക്ക് നേരെ കൈയേറ്റത്തിനും മുതിര്‍ന്നു. ഇവരുടെ ഹെല്‍മറ്റുകള്‍ റോഡില്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. പോലീസെത്തി അക്രമികളെ പിന്തിരിപ്പിക്കുകയായിരുന്നു. ലിസി ജംഗ്ഷന്‍, കച്ചേരിപ്പടി, സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, അരൂര്‍, കുമ്പളങ്ങി, പള്ളുരുത്തി തുടങ്ങിയിടങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കാക്കനാടുള്ള കളക്ട്രേറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞെങ്കിലും പോലീസെത്തി സമരാനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക്, തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് തുടങ്ങിയ ഐടി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടസമില്ലാതെ തുടരുന്നുണ്ട്. ടെക്നോപാര്‍ക്കിലേക്ക് ജീവനക്കാരുമായി പോയ ഒരു വാഹനത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. ഇവിടങ്ങളില്‍ ജീവനക്കാരെ എത്തിക്കാന്‍ പോലീസ് സംരക്ഷണവും നല്‍കിയിരുന്നു. കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ പോലീസ് വാഹനത്തിലും പോലീസ് ഏര്‍പ്പെടുത്തിയ ആംബുലന്‍സുകളിലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കൊച്ചിയിലെ വല്ലാര്‍പാടം തുറമുഖത്ത് ചരക്കുനീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. കോഴിക്കോട് ഈസ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തിന് നേര്‍ക്ക് ആക്രമണം നടന്നു. സ്കൂളിന്റെ ജന്നല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. കോട്ടയം കുമരകത്ത് കുടിവെള്ളം കൊണ്ടുവന്ന ടാങ്കര്‍ തടഞ്ഞ് സമരാനുകൂലികള്‍ വെള്ളം റോഡില്‍ ഒഴുക്കിക്കളഞ്ഞു.
ഹരിയാനയിലുണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളി നേതാവ് കൊല്ലപ്പെട്ടു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, തുറമുഖ മേഖലകള്‍ സ്തംഭിച്ചു. കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വിവിധ ജില്ലകളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതം മുടങ്ങിയിട്ടില്ല.
ആശുപത്രി, പത്രം, പാല്‍ തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി ജീവനക്കാരൂം പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്. ആര്‍.ടി.സി.യിലെ തൊഴിലാളി യൂണിയനുകളും പണിമുടക്കുന്നതിനാല്‍ ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിക്കും.
വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.
Discussion about this post