തിരുവനന്തപുരം: ജനവാസ മേഖലകളെ ബാധിക്കാത്ത വികസനമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുനസംഘടിപ്പിച്ച സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ രണ്ടാമത് യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും പാരിസ്ഥിതിക സംവേദകമേഖലയായി പ്രഖ്യാപിക്കുവാന്‍ സുപ്രീം കോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചവ ഉള്‍പ്പെടെ അംഗീകരിച്ചുകൊണ്ടും ഇതിനായി രൂപീകരിച്ച ഉപസമിതി ക്യാബിനറ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്തികൊണ്ടും ഇത് കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതിക സംവേദകമേഖലയില്‍ നിന്നും ഒഴിവാക്കും. എന്നാല്‍ ഈ പ്രദേശത്ത് ക്വാറികളോ, ഖനനമോ, വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുക മുതലായകാര്യങ്ങളോ, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് യോഗത്തിന്റെ തീരുമാനമായി മുഖ്യമന്ത്രി പറഞ്ഞു.
പേപ്പാറ ജലാശയത്തിന്റെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വര്‍ധിപ്പിക്കും. നാട്ടാനകള്‍ പീഡനങ്ങളും കഷ്ടതകളും അനുഭവിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ചും ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ടും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഡോ.ഈസയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, ആന ഉടമാ സംഘം പ്രസിഡന്റ് ശശി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. നാട്ടാനകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ പ്രജനനത്തിനുള്ള സൗകര്യം ഒരുക്കും. വന്യജീവി കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ യഥാസമയം ക്രോഡീകരിച്ച് ലഭിക്കുന്നതിനും ഇതിനായുള്ള സോഫ്ട്‌വെയര്‍ വികസിപ്പിച്ച് ഫോറസ്റ്റ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഘടകമായി വനം വകുപ്പ് ആസ്ഥാനത്തുനിന്നും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിവരികയാണെന്ന് മുഖ്യവനപാലകന്‍ യോഗത്തില്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ആനക്കോട്ടയുടെ നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നതിനായി സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉടന്‍ സ്ഥലം സന്ദര്‍ശിക്കും. ആനകള്‍ക്ക് വേണ്ടി ചികിത്സാ സൗകര്യം ഒരുക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. നാട്ടാനകളുടെ ക്ഷേമത്തിനായും ആനത്തൊഴിലാളികള്‍ക്കുവേണ്ടിയും എലിഫന്റ് വെല്‍ഫയര്‍ ബോര്‍ഡ് രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
സുഗതകുമാരി, എം.എല്‍.എ.മാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എന്‍.ഷംസുദ്ദീന്‍, എന്നിവരും വനം വന്യജീവി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post