ഡെറാഡൂണ്‍: പ്രളയബാധിത പ്രദേശമായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വ്യോമസേനാംഗങ്ങളട ക്കം20 രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. ദുരന്തത്തില്‍പ്പെട്ട തീര്‍ഥാടകരെ പ്രതികൂല കാലാവസ്ഥയില്‍ രക്ഷിക്കുന്നതിനിടയിലാണു രാഷ്ട്രത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടും ദുരന്തമുണ്ടായത്. മരിച്ചവരില്‍ അഞ്ചു പേര്‍ വ്യോമസേനാ ഓഫീസര്‍മാരാണ്. പൈലറ്റ് മുംബൈ സ്വദേശിയായ ഡാരെല്‍ കാസ്റെലിനോ, ഫ്ളൈറ്റ് ലഫ്റ്റനന്റ് കപൂര്‍, ഫ്ളൈറ്റ് ലഫ്റ്റനന്റ് പ്രവീണ്‍, സെര്‍ജന്റ് സുധാകര്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. കെ. സിംഗ് എന്നിവരാണു മരിച്ച ഉദ്യോഗസ്ഥര്‍.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ജവാന്മാരും നാഷണല്‍ ഡിസാസ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ (എന്‍ഡിആര്‍എഫ്) അംഗങ്ങളുമാണ് മറ്റുള്ളവര്‍. ഹെലികോപ്റ്ററിലെ ഒരാളും രക്ഷപ്പെട്ടില്ല. ഗൌരികുണ്ഡിനു സമീപമായിരുന്നു ഇന്നലെ വൈകുന്നേരം നാലുമണിയോടെ അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമികനിഗമനം. അതിസങ്കീര്‍ണ സംവിധാനങ്ങളുള്ള എംഐ- 17 വി5 ഹെലികോപ്റ്റര്‍ റഷ്യന്‍ നിര്‍മിതമാണ്. ഈയിനത്തിലുള്ള 80 ഹെലികോപ്റ്ററുകള്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയിരുന്നു. അപകടത്തെ ആരെങ്കിലും അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ദേശീയ ദുരന്തനിവാരണ അഥോറിറ്റി വൈസ് ചെയര്‍മാന്‍ ശശിധര്‍ റെഡ്ഡി പറഞ്ഞു. എട്ടു മൃതദേഹ ങ്ങള്‍ കിട്ടി. ഗുച്ചറില്‍ നിന്നു ഗുപ്തകാശിയിലേക്കു പറക്കുന്നതിനിടെയാണ് അപകടമെന്നു വ്യോമസേനാ വക്താവ് ഡല്‍ഹിയില്‍ പറഞ്ഞു.
ഈ ഹെലികോപ്റ്ററില്‍ ഇന്നലെ രണ്ടുതവണ കേദാര്‍നാഥില്‍ നിന്ന് ആളുകളെ സുരക്ഷിതകേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരുന്നു. മൂന്നാംതവണയും രക്ഷാദൌത്യത്തിനു പറക്കുന്നതിനിടെയാണ് അപകടം. അപകടത്തിനുശേഷവും പ്രദേശത്തു വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. കനത്ത മഞ്ഞും മഴയും അവഗണിച്ചാണ് പ്രദേശത്തു വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചിരുന്നത്. പശ്ചിമബംഗാളിലെ ബാരക്പുര്‍ എയര്‍ഫോഴ്സ് സ്റേഷനില്‍ നിന്നുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തഭൂമിയില്‍ ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണു ഹെലികോപ്റ്റര്‍ അപകടമുണ്ടാകുന്നത്. രുദ്രപ്രയാഗില്‍ ഞായറാഴ്ച സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണിരുന്നു. ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ കോപ്റ്ററാണ് അന്ന് അപകടത്തില്‍പ്പെട്ടത്.
Discussion about this post