തിരുവനന്തപുരം: മരുന്നുവില നിയന്ത്രണം സംസ്ഥാനത്ത് ഇനിയും പ്രാബല്യത്തിലായില്ല. കൃത്രിമ മരുന്നുക്ഷാമം സൃഷ്ടിച്ച് വന്‍കിട കമ്പനികള്‍ ഉപഭോക്താക്കളെ പിഴിയുന്നു. കാരുണ്യ ഫാര്‍മസികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മരുന്ന് കടകളില്‍ പോലും കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമല്ല.
മരുന്നുകളെ വിലനിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് കഴിഞ്ഞമാസം 28ന് 180 മരുന്നുകളുടെ വിലകുറഞ്ഞത്. കഴിഞ്ഞ ദിവസം 39 മരുന്നുകളെ കൂടി വില നിയന്ത്രണത്തിന്റെ കീഴില്‍ കൊണ്ടുവന്നു. എന്നാല്‍ അതോറിറ്റിയെ മറികടന്നുകൊണ്ട് വന്‍കിട മരുന്നുകമ്പനികളും വിതരണക്കാരും ചേര്‍ന്ന് സംസ്ഥാനത്ത് വിലനിയന്ത്രണം അട്ടിമറിച്ചു.
നിയന്ത്രണം പ്രാബല്യത്തിലായി പത്തു ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്ത് പത്ത് ശതമാനത്തില്‍ താഴെ മരുന്നുകള്‍ മാത്രമാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്. എല്ലാ മരുന്നുകടകളിലും പഴയ വിലയ്ക്കുള്ള സ്റ്റോക്കുകളാണ് ഇപ്പോഴുമുള്ളത്. അവ വിറ്റഴിക്കാതെ കുറഞ്ഞ വിലയ്ക്കുള്ള മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് മരുന്ന് കമ്പനികള്‍. അവശ്യ മരുന്നുകള്‍ പോലും രോഗികള്‍ക്ക് നല്‍കാന്‍ കടയുടമകളും തയ്യാറാകുന്നില്ല.
പഴയ വിലയ്ക്ക് മരുന്ന് വിറ്റാല്‍ ഏഴു വര്‍ഷം വരെ കഠിന തടവാണ് അതോറിറ്റി ശുപാര്‍ശ ചെയ്യുന്നത്. ഇതു മറികടക്കാന്‍ ബില്ലില്ലാതെ മരുന്നുകള്‍ നല്‍കുക എന്നതാണ് കടയുടമകള്‍ പുതിയ വഴി. കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷനു കീഴിലുള്ള കാരുണ്യ ഫാര്‍മസികടക്കമുള്ള കടകളില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമല്ല. വിലനിയന്ത്രണം നിലവില്‍ വന്ന ദിവസം തന്നെ കെ.എം.എസ്.സിയിലും വിലകുറഞ്ഞ മരുന്നുകളുടെ വിതരണം നിര്‍ത്തിവെച്ചു.
ആശുപത്രി സൊസൈറ്റികളുടെയും കണ്‍സ്യൂമര്‍ ഫെഡും സിവില്‍ സപ്ലൈസ് വകുപ്പും പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലുള്ള മരുന്നു കടകളുടെയും അവസ്ഥ ഇതുതന്നെ. പ്രതിസന്ധി മറികടക്കാനുള്ള ഒരു ശ്രമവും ഇതുവരെ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസങ്ങളില്‍ നടത്തിയ റൈഡ് പ്രഹസനങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നടപടികളും ഒതുങ്ങുകയായിരുന്നു.
Discussion about this post