ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം കുറയുന്ന സാഹചര്യത്തിലാണ് പേഴ്‌സണല്‍ മന്ത്രാലയം മാര്‍ഗരേഖ പുറപ്പെടുവിച്ചത്.
രാജ്യത്തെ ജനസംഖ്യയില്‍ 18.9 ശതമാനമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാധിനിത്യം ലഭിക്കാത്തതിനാലാണ് നിയമനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രത്യേകം പരിഗണന നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ നല്‍കിയിരിക്കുന്നത്.
പത്തോ അതിലധികമോ ഒഴിവുകളിലേക്കാണ് നിയമനമെങ്കില്‍ ഇതിനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ ന്യൂനപക്ഷ സമുധായത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മാര്‍ഗരേഖയിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധിനിത്യമില്ലെന്നത് ശരിവെയ്ക്കുന്നതാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകള്‍.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനസംഖ്യ അനുപാതികമായി ന്യൂനപക്ഷ പ്രാധിനിത്യം കുറവാണോ എന്ന ചോദ്യത്തിന് അതെ എന്നാണ് പാര്‍ലമെന്റില്‍ ന്യൂനപക്ഷക്ഷേമ സഹമന്ത്രി മറുപടി നല്‍കിയത്. സര്‍ക്കാര്‍ പൊതുമേഖല എന്നിവിടങ്ങളിലും ബാങ്കുകളിലും കഴിഞ്ഞ മൂന്നു വര്‍ഷം നടത്തിയ നിയമനങ്ങളിലെ കണക്കും പ്രാധിനിത്യ കണക്ക് ശരി വെയ്ക്കുന്നതാണ്. 2009ല്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ ന്യൂനപക്ഷത്തില്‍പ്പെട്ട 1333 പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആകെ നിയമനത്തിന്റെ 8.22 ശതമാനം മാത്രമാണ്. 2010ല്‍ ഇത് 22349 ആയി ഉയര്‍ന്നെങ്കിലും 2011ല്‍ 4665 ആയി കുത്തനെ ഇടിഞ്ഞു. ആകെ നിയമനത്തിന്റെ 4.10 ശതമാനം മാത്രമാണ് അക്കൊല്ലത്തെ ന്യൂനപക്ഷ പ്രാധിനിത്യം.
ബാങ്കുകളിലെ നിയമനങ്ങളില്‍ 2009ല്‍ 2930ും 2010ല്‍ 4702ും 2011ല്‍ 4245 പേരും മാത്രമാണ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നും കേന്ദ്രസര്‍വീസില്‍ എത്തിയത്. അര്‍ദ്ധ സൈനിക വിഭാഗത്തിലും തപാല്‍ റെയില്‍വെ പൊതുമേഖലാ സ്ഥാപനങ്ങളിലും ന്യൂനപക്ഷ പ്രാധിനിത്യത്തിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമല്ല.
2009ല്‍ മൊത്തം നിയമനങ്ങളില്‍ 1059 പേര്‍ മാത്രമാണ് ന്യൂനപക്ഷത്തില്‍ നിന്ന് നിയമിതരായത്. മൊത്തം നിയമനങ്ങളുടെ 7.28 ശതമാനം മാത്രം. 2010ല്‍ 35692 ആയി ഉയര്‍ന്നെങ്കിലും 2011ല്‍ ഇത് 18379 ആയി ഇടിഞ്ഞു. 6.24 ശതമാനം മാത്രം. ഇക്കാരണങ്ങളാലാണ് നിയമനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ മാര്‍ഗരേഖ നല്‍കിയത്.
Discussion about this post