* കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് തിങ്കളാഴ്ച മുതല്‍ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനമായത്. ഇതിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മിഷണര്‍ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് കൈമാറി.
സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റില്‍ ഉപരോധം അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ എത്തുന്നവരെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. കൂടാതെ ജില്ലാ അതിര്‍ത്തികളില്‍ ഇടതുമുന്നണി പ്രവര്‍ത്തകരെ തടയും. പ്രവര്‍ത്തകരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളും പരിഗണനയിലുണ്ട്. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി സമരത്തില്‍പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കരുതെന്നാവശ്യപ്പെട്ട് തലസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരം ജില്ലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റു ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 30 ശതമാനം സര്‍വീസുകളും റദ്ദാക്കാനാണ് തീരുമാനം. 11-ാംതിയതി മുതല്‍ നിയന്ത്രണം തുടങ്ങുന്നതു സംബന്ധിച്ച നിര്‍ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നല്‍കി.
Discussion about this post