റായ്പുര്‍: ഛത്തീസ്ഗഡില്‍ പ്രദേശവാസികളെ മനുഷ്യമറയുണ്ടാക്കി മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം 14 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിലെ സുക്മ ജില്ലയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ സിആര്‍പിഎഫ് 223 ബറ്റാലിയന്‍ ഡെപ്യൂട്ടി കമന്‍ഡാന്റ് ബി.എസ്. വര്‍മ, അസിസ്റ്റന്റ് കമന്‍ഡാന്റ് രാജേഷ് എന്നിവരും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 15 സിആര്‍പിഎഫുകാര്‍ക്കു പരിക്കേറ്റു.
ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരില്‍നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള സുക്മ ജില്ലയിലെ കൊടുംവനമേഖലയായ ചിന്താഗുഫയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തി തിരികെപ്പോകുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരേയാണ് ഇന്നലെ രാവിലെ 10.30ന് ആക്രമണമുണ്ടായത്. പ്രദേശവാസികളെ മനുഷ്യമറയാക്കിയായിരുന്നു മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. ഉടന്‍ സിആര്‍പിഎഫ് സംഘം ശക്തമായ പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടല്‍ രാത്രിയും തുടരുകയാണെന്നു റിപ്പോര്‍ട്ടുണ്ട്.
സിആര്‍പിഎഫ് നടത്തിയ പ്രത്യാക്രമണത്തില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. പരിക്കേറ്റ സിആര്‍പിഎഫുകാരെ ഹെലികോപ്റ്ററില്‍ ജഗദല്‍പുരിലെയും റായ്പുരിലെയും ആശുപത്രികളിലെത്തിച്ചു. പരിക്കേറ്റവരുമായി പോയ മിഗ്-17 വ്യോമസേനാ ഹെലികോപ്റ്ററിനു നേര്‍ക്കും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. ഹെലികോപ്റ്ററെത്തിക്കാന്‍ വൈകിയത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയായി മാറി.
ആക്രമണത്തെത്തുടര്‍ന്നു ഛത്തീസ്ഗഡ് സിആര്‍പിഫ് ഐജി എച്ച്.എസ്. സിദ്ദുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മാവോയിസ്റ്റ് ആക്രമണത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അപലപിച്ചു. മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി, ഐബി ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം എന്നിവരുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി. രാജ്‌നാഥ് സിംഗ് ഇന്നു ഛത്തീസ്ഗഡിലെത്തും. മാവോയിസ്റ്റ് ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി എന്നിവര്‍ അപലപിച്ചു.
സിആര്‍പിഎഫ് 226, 206 ബറ്റാലിയനുകളിലെ അംഗങ്ങളും സിആര്‍പിഎഫ് കമാന്‍ഡോ യൂണിറ്റായ കോബ്രയിലെ അംഗങ്ങളുമാണു മാവോയിസ്റ്റ് വേട്ട നടത്തിയിരുന്നത്. സിആര്‍പിഎഫ് സംഘം കഴിഞ്ഞ പത്തു ദിവസമായി ബസ്തറിലെ വനത്തിലുണ്ടായിരുന്നു. ഇതേ മേഖലയില്‍ കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ചു സിആര്‍പിഎഫുകാര്‍ക്കു പരിക്കേറ്റിരുന്നു. വ്യോമസേനാ ഹെലികോപ്റ്ററിനു നേര്‍ക്കായിരുന്നു മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
2013 മേയ് 25ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഛത്തീസ്ഗഡ് മന്ത്രിയുമായ മഹേന്ദ്ര കര്‍മ, ഛത്തീസ്ഗഡ് പിസിസി അധ്യക്ഷന്‍ നന്ദ്കുമാര്‍ പട്ടേല്‍ എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതു സുക്മ ജില്ലയിലായിരുന്നു. അന്നത്തെ ആക്രമണത്തില്‍ 27 പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റ മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ല 2013 ജൂണ്‍ 11ന് അന്തരിച്ചു.
Discussion about this post