ശ്രീനഗര്‍/റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന കാശ്മീരില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. 28 സീറ്റുള്ള പിഡിപിയാണു കാഷ്മീരില്‍ വലിയ ഒറ്റക്കക്ഷി. ബിജെപി 25 സീറ്റ് നേടി രണ്ടാമതെത്തിയപ്പോള്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനും തിരിച്ചടി നേരിടേണ്ടിവന്നു. നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിനു 12ഉം സീറ്റാണു കിട്ടിയത്.
എന്നാല്‍ ജാര്‍ഖണ്ഡില്‍ ചരിത്രനേട്ടത്തോടെ ബിജെപി സഖ്യം ഭൂരിപക്ഷം നേടിയത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ബിജെപി സഖ്യത്തിന് 42 സീറ്റ് ലഭിച്ചു. ഭരണകക്ഷിയായ ജെഎംഎം 19 സീറ്റോടെ രണ്ടാമതെത്തി. കോണ്‍ഗ്രസ്(6), ജെവിഎം(8) എന്നിങ്ങനെയാണു മറ്റു പ്രമുഖ കക്ഷികളുടെ നില. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച എജെഎസ്‌യു നാലു സീറ്റ് നേടി. ഉപമുഖ്യമന്ത്രിയടക്കം കാഷ്മീരില്‍ 14 മന്ത്രിമാരും ജാര്‍ഖണ്ഡില്‍ ഒമ്പതു പേരും പരാജയം രുചിച്ചു.
87 അംഗങ്ങളുള്ള കാശ്മീരില്‍ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 44 പേരുടെ പിന്തുണ വേണം. സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ കാഷ്മീരില്‍ ഊര്‍ജിതമായി. ഏറ്റവും വലിയ കക്ഷിയായ പിഡിപിയെ പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പിഡിപി-ബിജെപി സഖ്യം സംബന്ധിച്ചും അഭ്യൂഹങ്ങളുണ്ട്. ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ഇന്നു യോഗം ചേരും. ആദിവാസി വിഭാഗക്കാരന്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തിയേക്കും.
രണ്ടു സീറ്റില്‍ മത്സരിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബീര്‍വയില്‍ 1000 വോട്ടിനു കഷ്ടിച്ചു രക്ഷപ്പെട്ടപ്പോള്‍ സോനാവറില്‍ പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി താരാ ചന്ദ് (കോണ്‍ഗ്രസ്), ആറുതവണ (36 വര്‍ഷം) എംഎല്‍എയായിരുന്ന ധനമന്ത്രി അബ്ദുള്‍ റഹിം റാതേര്‍ (നാഷണല്‍ കോണ്‍ഗ്രസ്), ഏക വനിതാ മന്ത്രി സക്കീന ഇറ്റൂ എന്നിവര്‍ പരാജയപ്പെട്ടു. പിഡിപിയുടെ പരമോന്നത നേതാവ് മുഫ്തി മുഹമ്മദ് സയീദ് അനന്ത്‌നാഗില്‍ വിജയിച്ചു. കഴിഞ്ഞതവണ 28 സീറ്റുണ്ടായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് ഇക്കുറി 15 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. കഴിഞ്ഞതവണ 17 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് 12ലേക്കു താഴ്ന്നു.
അതേസമയം, വന്‍ തിരിച്ചടി പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും മേല്‍വിലാസം നഷ്ടമായില്ലെന്ന ആശ്വാസം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിന്റെ എട്ടു മന്ത്രിമാര്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നു പേര്‍ മാത്രമാണു ജയിച്ചുകയറിയത്. കാഷ്മീരില്‍ ഏറ്റവും നേട്ടമുണ്ടായതു ബിജെപിക്കും കനത്ത നഷ്ടം നാഷണല്‍ കോണ്‍ഫറന്‍സിനുമാണ്.
ജാര്‍ഖണ്ഡിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുന്നത്. ചരിത്ര വിജയത്തിലും മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണെ്ടയുടെ പരാജയം ബിജെപിക്കു തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രിമാരായ മധു കോഡ, ബാബുലാല്‍ മറാന്‍ഡി എന്നിവര്‍ പരാജയപ്പെട്ടു. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ബാബുലാല്‍ മറാന്‍ഡി തോറ്റു. പരാജയപ്പെട്ടെങ്കിലും ആദിവാസിമേഖലകളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ജെഎംഎമ്മിനായി.
ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാര്‍ തോറ്റു. ബെര്‍നോ മണ്ഡലത്തില്‍ പ്രമുഖ നേതാവും ധനമന്ത്രിയുമായ രാജേന്ദ്ര പ്രസാദ് സിംഗ് തോറ്റതു കോണ്‍ഗ്രസിനു കനത്ത ആഘാതമായി. ആര്‍ജെഡി പ്രതിനിധികളായ രണ്ടു മന്ത്രിമാരും പരാജയപ്പെട്ടു.
കാശ്മീര്‍ ഒറ്റയ്ക്കു പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രചണ്ഡമായ പ്രചാരണമാണ് ഇക്കുറി ബിജെപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പലവട്ടം കാശ്മീരിലെത്തിയിരുന്നു. അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം നിരന്തരം പ്രചാരണത്തിനെത്തി. കഴിഞ്ഞതവണ 11 സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ നേട്ടം ഇരട്ടിയിലധികമാക്കി. 37 സീറ്റുകളുള്ള ജമ്മു മേഖലയിലാണ് ബിജെപി 25 സീറ്റും നേടിയത്. ജമ്മുവില്‍ കോണ്‍ഗ്രസ് അഞ്ചും എന്‍സി മൂന്നും പിഡിപി രണ്ടും സീറ്റ് നേടി.
എന്നാല്‍, കാഷ്മീര്‍ താഴ്‌വരയില്‍ ബിജെപിക്കു ചലനമുണ്ടാക്കാനായില്ല. കാഷ്മീര്‍ താഴ്‌വരയില്‍ ബിജെപിയുടെ 34 സ്ഥാനാര്‍ഥികളില്‍ ഒരാളൊഴികെ എല്ലാവര്‍ക്കും കെട്ടിവച്ച തുക നഷ്ടമായി. ലഡാക്കിലും ബിജെപിക്കു മുന്നേറാനായില്ല. ഇവിടെ കോണ്‍ഗ്രസിനാണു മുന്‍തൂക്കം. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ ലീഡ് നേടിയിരുന്ന ബിജെപിക്ക് അതില്‍നിന്നു മുന്നേറാനായില്ലെന്നതു തിരിച്ചടിതന്നെയാണ്.
കാശ്മീരില്‍ സീറ്റിന്റെ കാര്യത്തില്‍ പിഡിപിക്കു പിറകിലായെങ്കിലും സംസ്ഥാനത്തു മൊത്തം നേടിയ വോട്ടില്‍ ബിജെപിയാണു മുന്നില്‍. ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ കുത്തക തകര്‍ത്ത പിഡിപി എട്ടില്‍ അഞ്ചു സീറ്റ് നേടി. പുല്‍വാമ ജില്ലയിലെ നാലു സീറ്റും പിഡിപി പിടിച്ചെടുത്തു. കഴിഞ്ഞതവണ പിഡിപിക്ക് 21 സീറ്റുണ്ടായിരുന്നു. സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി കുല്‍ഗാമില്‍ വീണ്ടും വിജയിച്ചു. ജമ്മു കാശ്മീരിന്റെ ചരിത്രത്തിലാദ്യമായി ബിജെപി ടിക്കറ്റില്‍ ഒരു മുസ്‌ലിം വിജയിച്ചു.
Discussion about this post