ബംഗളുരു: അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിചാരണക്കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ വിധി ചോദ്യംചെയ്തു ജയലളിത സമര്‍പ്പിച്ച അപ്പീലിലാണു ഹൈക്കോടതിവിധി. ജഡ്ജി സി.ആര്‍. കുമാരസ്വമിയാണു വിധി പ്രസ്താവിച്ചത്. ജയയുടെ അപ്പീല്‍ അനുവദിച്ചിരിക്കുന്നു എന്ന ഒരുവരി മാത്രമാണു ജഡ്ജി വായിച്ചത്. കേസില്‍ ജയയ്‌ക്കൊപ്പം കുറ്റക്കാരാണെന്നു കണ്‌ടെത്തിയ മറ്റുമൂന്നു പേരെയും കോടതി വെറുതെ വിട്ടു. വിധി പ്രസ്താവിക്കുമ്പോള്‍ 67കാരിയായ ജയലളിത കോടതിയിലെത്തിയിരുന്നില്ല. ജയലളിതയ്‌ക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും സമ്പത്തിന്റെ ഉറവിടം കോടതിയെ ബോധ്യപ്പെടുത്താന്‍ ജയലളിതയ്ക്കു കഴിഞ്ഞെന്നും വിധിയില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27 നാണു ജയലളിത, തോഴി ശശികല, ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജയലളിതയ്ക്കു നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു. ഈ വിധിയാണു റദ്ദാക്കിയിരിക്കുന്നത്.
ഇതിനെതിരേ ജയലളിത സമര്‍പ്പിച്ച ഹര്‍ജി മുമ്പു ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നു സുപ്രീംകോടതിയാണു പ്രത്യേക ബെഞ്ച് രൂപീകരിച്ചു വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്കു നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ മാര്‍ച്ച് 12 നാണു ഹൈക്കോടതിയില്‍ വാദം അവസാനിച്ചത്.
കനത്ത സുരക്ഷയായിരുന്നു ഹൈക്കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. രാവിലെ ആറുമുതല്‍ ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കനത്ത പോലീസ് സന്നാഹത്തെയാണ് സ്ഥലത്തു വിന്യസിച്ചിരിക്കുന്നത്. കോടതിയുടെ അവധിക്കാലമായതിനാല്‍ ജയലളിതയുടെ കേസ് പരിഗണിക്കുന്നതിനായി മാത്രമാണു കോടതി തിങ്കളാഴ്ച ചേര്‍ന്നത്.
വിധിയെ തുടര്‍ന്നു തമിഴ്‌നാട്ടിലെങ്ങും ആഹ്ലാദത്തിലാണ്. ശിക്ഷ റദ്ദായതിനെ തുടര്‍ന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കു എതു സമയത്തും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തമിഴകം.
Discussion about this post