തിരുവനന്തപുരം: കെ-ടെറ്റ്, സെറ്റ് പരീക്ഷകള്‍ എഴുതുന്ന 40 ശതമാനത്തിനു മുകളില്‍ കാഴ്ചവൈകല്യമുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നും 10 ശതമാനം മാര്‍ക്കിളവ് നല്‍കിക്കൊണ്ടും ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് പകരം മറ്റ് ചോദ്യങ്ങള്‍ കാഴ്ചയില്ലാത്ത പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ അനുവദിച്ച് നല്‍കുന്നതിന് അനുമതി നല്‍കിയും കാഴ്ചയില്ലാത്ത പരീക്ഷാര്‍ത്ഥികള്‍ക്ക് സെറ്റ് പരീക്ഷയില്‍ സ്‌ക്രൈബിനെ അനുവദിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചും സര്‍ക്കാര്‍ ഉത്തരവായി.
ഇതനുസരിച്ച് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ സ്‌ക്രൈബായി ഉപയോഗപ്പെടുത്താം. സ്‌ക്രൈബിന്റെ ഫോട്ടോ നിശ്ചിത അപേക്ഷയില്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ ഒപ്പോടുകൂടി അതത് മേഖലാ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്‌ക്രൈബിനുള്ള ഐഡന്റിറ്റി കാര്‍ഡില്‍ ഒപ്പിടുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള ചുമതല ബന്ധപ്പെട്ട മേഖലാ ഉപഡയറക്ടര്‍മാരായിരിക്കും.
സെറ്റ് പരീക്ഷയുടെ പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള സ്‌ക്രൈബിനെ ലഭിക്കാത്ത പരീക്ഷാര്‍ത്ഥികള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം പരീക്ഷാ സെന്ററില്‍ ബന്ധപ്പെടണം. പരീക്ഷാര്‍ത്ഥികള്‍ക്ക് സ്‌ക്രൈബിനെ ലഭ്യമാക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട മേഖലാ ഉപഡയറക്ടര്‍ക്കായിരിക്കും. സ്‌ക്രൈബിന് ഓരോ പരീക്ഷയ്ക്കും 150 രൂപ പ്രതിഫലം നല്‍കണം. കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിട്ടുള്ള തസ്തികകള്‍ ഭൂരിപക്ഷവും അധ്യാപക തസ്തികകളാണെന്നും അതില്‍ കെ-ടെറ്റ്, സെറ്റ് എന്നീ യോഗ്യതാ പരീക്ഷകളില്‍ മിനിമം മാര്‍ക്ക് നേടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ യു.ജി.സി. മാതൃകയില്‍ യോഗ്യതാ പരീക്ഷകളിലെ മിനിമം മാര്‍ക്കില്‍ 10 % ഇളവ് അനുവദിക്കണമെന്നും പരീക്ഷാര്‍ത്ഥികള്‍ക്ക് സ്‌ക്രൈബിനെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കെ-ടെറ്റ്, സെറ്റ് പരീക്ഷകളിലും നടപ്പിലാക്കണമെന്നും ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിവരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്നതില്‍ കാഴ്ചവൈകല്യമുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇത്തരം ചോദ്യങ്ങള്‍ക്ക് പകരമായി മറ്റ് ചോദ്യങ്ങള്‍ നല്‍കുകയോ ആനുപാതികമായി മാര്‍ക്ക് നല്‍കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് ഫോറം സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
കൂടാതെ എസ്.സി.പി.ഡബ്ല്യൂ, ഡി. സംസ്ഥാന കമ്മീഷണര്‍ ആന്റ് ഗവണ്‍മെന്റ് എക്‌സ് ഒഫീഷ്യോ സെക്രട്ടറിയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറും ഈ വിഷയം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
Discussion about this post