സന്നിധാനം: ചെന്നൈ ആര്‍.കെ നഗറില്‍ നിന്നുള്ള 60 അംഗ തീര്‍ത്ഥാടക സംഘം സന്നിധാനത്തെത്തി ശബരീശ ദര്‍ശനം നടത്തി. 41 ദിവസത്തെ കഠിന വ്രതം നോറ്റ് വര്‍ഷങ്ങളായി ശബരിമലയിലെത്തുന്ന സംഘമാണിത്. ഗുരുസ്വാമിയായ ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഏഴു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് സന്നിധാനത്തെത്തിയത്. ഭാസ്‌കരന്‍ സ്വാമി തുടര്‍ച്ചയായി അറുപത്തിനാലാം വര്‍ഷമാണ് മലചവിട്ടുന്നത്.
ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നുള്ളവരാണ് സംഘത്തിലുളളത്. ദര്‍ശനം നടത്തി പതിനെട്ടാം പടിക്കു സമീപം കര്‍പ്പൂരാഴി കൂട്ടി ‘ജനകീര്‍ത്തനങ്ങള്‍ പാടിയും പ്രാര്‍ത്ഥിച്ചുമാണ് അവര്‍ മലയിറങ്ങിയത്. അയ്യപ്പനു മുന്നില്‍ കൂട്ടപ്രാര്‍ത്ഥനയിലൂടെ തങ്ങള്‍ക്കും കുടുംബത്തിനും ദുരിതങ്ങള്‍ ഒഴിഞ്ഞ് ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ വര്‍ഷവും ഇവര്‍ എത്തുന്നത്. വ്രതശുദ്ധിയുടെ നാളുകളില്‍ അനാഥാലയങ്ങളില്‍ അന്നദാനം നടത്തിയ ശേഷമാണ് സംഘം ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടത്.
Discussion about this post