ദില്ലി: സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാനമായ വിധി. കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും ബഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണെന്ന് മൂന്നംഗ ബഞ്ച് വിധിച്ചു. സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് ഒറ്റയ്ക്ക് തീരുമാനിക്കുന്ന രീതി പുനപരിശോധിക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിച്ചത്.
ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനും സംശയങ്ങള്‍ ഇല്ലാതാക്കാനും ഭരണപരമായ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്ന രീതിക്ക് മാറ്റം വരുത്തണം എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ ഒന്നിച്ചിരുന്നു തീരുമാനം എടുക്കണം, ഭരണഘടന ബെഞ്ചുകളില്‍ മുതിര്‍ന്ന ജഡ്ജിമാരെ മാത്രമേ ഉള്‍പ്പെടുത്താവൂ തുടങ്ങി ഹര്‍ജിക്കാരനായ അശോക് പാണ്ഡേ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെല്ലാം കോടതി തള്ളി.
ഭരണഘടന അനുസരിച്ച് ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. സുപ്രിം കോടതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലയാണ്. കോടതിയുടെ പ്രവര്‍ത്തനം സുഗമമാണെന്ന് ഉറപ്പ് വരുത്തുന്നത് ചീഫ് ജസ്റ്റിസിന് നല്‍കിയിട്ടുള്ള അധികാരങ്ങളിലൊന്നാണ്. ജുഡീഷ്യല്‍ അധികാരങ്ങളില്‍ തുല്യരില്‍ ഒന്നാമനാണ് ചീഫ് ജസ്റ്റിസ്. സുപ്രിം കോടതിയുടെ ഭരണനിര്‍വഹണത്തില്‍ ചീഫ് ജസ്റ്റിസിന് സവിശേഷ അധികാരമുണ്ടെന്നും വിധിയില്‍ പറയുന്നു.
കേസ് വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് പക്ഷപാതിത്വം കാണിക്കുന്നെന്ന് ആരോപിച്ച് സുപ്രിം കോടതിയിലെ നാല് ജഡ്ജിമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തന്നെ തള്ളിയത്.
Discussion about this post