ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദി തുടര്‍ച്ചയായി രണ്ടാമതും സ്ഥാനമേറ്റിരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങളുടെ ഏകപക്ഷീയമായ കുപ്രചാരണങ്ങളെയും ന്യൂനപക്ഷങ്ങളില്‍ ഭീതി സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ കുതന്ത്രങ്ങളെയും അതിജീവിച്ചുകൊണ്ടാണ് മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയത്. ഇതോടെ കപട മതേതരവാദികളും പ്രതിപക്ഷകക്ഷികളുമൊക്കെ ഭീതിജനകമായ എന്തോ ഭാരതത്തില്‍ സംഭവിക്കാന്‍ പോകുന്നതായി സ്ഥാനത്തും അസ്ഥാനത്തും പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്.
ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയില്‍ ഊറ്റംകൊള്ളുകയും അതേസമയം ലോകത്തിന്റെ നന്മയ്ക്കും ശാന്തിക്കുമായി പ്രാര്‍ത്ഥനയോടെ നിലകൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാര്‍ട്ടി. രാഷ്ടത്തിനാണ് ബി.ജെ.പി. എന്നും മുന്‍ഗണന നല്‍കുന്നത്. രാഷ്ട്രീയത്തിന് അതിനു പിന്നാലെയേ സ്ഥാനമുള്ളു. രാഷ്ട്രസേവനത്തിനുള്ള ഒരു മാര്‍ഗം മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയത നിലനിര്‍ത്തുകയും ഇവിടെ ജീവിക്കുന്ന ഏറ്റവും ദരിദ്രനായ മനുഷ്യന്റെ ഉന്നമനവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. രാഷ്ട്രപിതാവായ ഗാന്ധിജി വിഭാവനം ചെയ്ത അന്ത്യോദയ എന്ന ആശയം തന്നെയാണ് ദരിദ്രനാരായണന്മാരെ കൈപിടിച്ചുയര്‍ത്തി പൊതുധാരയിലെത്തിക്കുക എന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെതായിരിക്കുമെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ മഹര്‍ഷി അരവിന്ദന്‍ പ്രവചിച്ചത് യാഥാര്‍ത്ഥ്യമാവുകയാണ്. ഭാരതം ജീവിക്കുന്നത് ലോകത്തിനുവേണ്ടിയാണ്. ഭാരതമെന്ന പുണ്യഭൂമി ലോകത്തിനു വെളിച്ചമാണ്. പൂര്‍വനിശ്ചിതമായ ഒരു നിയോഗം ഭാരതത്തിനുണ്ട്. ലോകത്തെ മുന്നോട്ടു നയിക്കുക എന്ന ചരിത്രദൗത്യം നിര്‍മലഹൃദയത്തോടെ നിര്‍വഹിക്കുക എന്നതാണത്.
ശാസ്ത്രനേട്ടങ്ങളുടെയും ഭൗതികതയുടെയും ഔന്നത്യത്തില്‍ അഭിരമിക്കുന്ന പാശ്ചാത്യലോകം ഇന്ന് മുന്നോട്ടുപോകാനാകാതെ വഴിമുട്ടിനില്‍ക്കുകയാണ്. പാശ്ചാത്യ ദര്‍ശനസംഹിതകളൊന്നും അവര്‍ക്ക് ഒരു ഉത്തരവും നല്‍കുന്നില്ല. എല്ലാ കണ്ണുകളും ഇങ്ങ് ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണ്. ഉത്തമമായ മനുഷ്യജീവിതത്തെ ഭാരതം കണ്ടതിനോളം ആഴത്തിലും പരപ്പിലും മറ്റൊരു സമൂഹവും ദര്‍ശിച്ചിട്ടില്ല.
ലോകം ദാര്‍ശനികമായി ഒരു പ്രതിസന്ധിഘട്ടത്തില്‍പ്പെട്ടുഴലുന്ന സന്ദര്‍ഭത്തിലാണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നത്. അത് ഒരു മഹാദൗത്യനിര്‍വഹണത്തിനായി ഭാരതം ലോകത്തിനായി ഒരുക്കുവച്ച മഹനീയ സന്ദര്‍ഭമാണ്. സഹസ്രാബ്ദങ്ങളായി ഭാരതം തപസ്സിലൂടെ ആര്‍ജ്ജിച്ച പുണ്യത്തിലൂടെയാണ് ഈ നിയോഗത്തിലേക്ക് ഭാരതം നടന്നെത്തിയത്. ധര്‍മ്മത്തിന്റെ മാര്‍ഗത്തിലൂടെയുള്ള ആ പ്രയാണം രാമരാജ്യത്തിലേക്കുതന്നെയാണ്.
Discussion about this post