പത്തനംതിട്ട: മല കയറുമ്പോഴും ഇറങ്ങുമ്പോഴും ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ശബരിമല തീര്‍ഥാടകരും ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം എല്ലാവരും പാലിക്കണം.
മലകയറുമ്പോഴും ഇറങ്ങുമ്പോഴും തീര്‍ഥാടകരും, ശബരിമലയില്‍ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മല കയറുമ്പോഴും, ഇറങ്ങുമ്പോഴും ഇടക്കിടെ വിശ്രമിക്കുക. വളരെ വേഗത്തില്‍ മല കയറാന്‍ ശ്രമിക്കരുത്. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ യാതൊരു കാരണവശാലും മുടക്കരുത്. തീര്‍ഥാടനത്തിനു മുന്‍പ് ഒരു സാധാരണ വൈദ്യ പരിശോധനക്കു വിധേയമാകുന്നത് നന്നായിരിക്കും. ഇടക്കിടെ വെള്ളം കുടിക്കുകയും, കൃത്യസമയത്ത് ആഹാരം കഴിക്കുകയും വേണം. മല കയറുന്നതിനു തൊട്ടു മുന്‍പ് ലഘുവായ തോതില്‍ മാത്രം ഭക്ഷണം കഴിക്കുക. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ മലകയറ്റം തുടരരുത്. ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ഹെല്‍പ്പ് ലൈനില്‍ വിളിക്കാവുന്നതാണ്. കഴിയുമെങ്കില്‍ കിടന്ന് വിശ്രമിക്കുക. സ്വയം ചികിത്സക്ക് മുതിരരുത്.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍: നെഞ്ചുവേദന (കൈകള്‍, കഴുത്ത്, പുറം ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതോ അല്ലാത്തതോ ആകാം ). നെഞ്ചില്‍ ഭാരം അനുഭവപ്പെടുക. കൂടുതല്‍ വിയര്‍ക്കുക, തൊണ്ട വരളുക, ഛര്‍ദ്ദിക്കുക. ശ്വാസം മുട്ട് അനുഭവപ്പെടുക. ഹൃദയമിടിപ്പ് കൂടുക. കാഴ്ച്ച മങ്ങുക, തലകറക്കം അനുഭവപ്പെടുക, തലക്ക് ഭാരം കുറയുന്നതായി തോന്നുക. ഓര്‍ക്കുക, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളോ, അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളോ നിങ്ങളുടെ സമീപത്തു തന്നെയുണ്ട്.
Discussion about this post