നിലയ്ക്കല്‍: ശബരിമല തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ തീര്‍ഥാടകര്‍ പൂമാലകള്‍ ഉപേക്ഷിക്കുന്നത് അടിയന്തര പ്രാധാന്യത്തില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ അടങ്ങിയ പൂമാലകള്‍ ആന ഭക്ഷിക്കുന്നതിലൂടെ ജീവഹാനിക്ക് കാരണമാകാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.
നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ നിലവിലുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലേയും ഇവിടുത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ആഹാര അവശിഷ്ടങ്ങളും ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇന്‍സിനറേറ്ററുകളിലും ഡമ്പിംഗ് യാര്‍ഡിലുമാണു നിക്ഷേപിക്കുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്നും കൂടുതലും ലഭിക്കുന്നതു തീര്‍ഥാടകര്‍ കൊണ്ടുവരുന്ന പൂമാലകളാണ്. ഇതില്‍ പ്രധാനമായും പ്ലാസ്റ്റിക്ക് നൂലുകൊണ്ടും തെര്‍മോക്കോള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ കൊണ്ടുണ്ടാക്കിയ പൂമാലകളാണ്. ഇവയെല്ലാംതന്നെ ഡമ്പിംഗ് യാര്‍ഡിലാണു നിക്ഷേപിക്കുന്നത്.
പൂക്കളുടെയും ആഹാര വസ്തുക്കളുടേയും ഗന്ധം പിടിച്ച് ആനക്കൂട്ടം രാത്രി കാലങ്ങളില്‍ ഡമ്പിംഗ് യാര്‍ഡുകളില്‍ എത്തുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കവും മറ്റ് ഉപയോഗിച്ച് ആനക്കൂട്ടത്തെ ഓടിക്കുകയാണ് ചെയ്യുന്നത്. പൂമാലകള്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ആനകള്‍ ഭക്ഷിക്കുന്നത് ആനകള്‍ക്കു ജീവഹാനി സംഭവിക്കുന്നതിനു കാരണമാകാമെന്ന് എലിഫന്റ് സ്‌ക്വാഡിലെ വെറ്റിറിനറി സര്‍ജനും നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ഡ്യൂട്ടി മജിസ്ട്രേറ്റും അറിയിച്ചുണ്ട്. ഈ സാഹചര്യത്തില്‍ നിലയല്‍ ബേസ് ക്യാമ്പില്‍ തീര്‍ത്ഥാടകര്‍ പൂമാലകള്‍ ഉപേക്ഷിക്കുന്നതു നിരോധിച്ച് ഉത്തരവാകണമെന്നും വിവരം എല്ലാ ദൃശ്യപത്രമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കണമെന്നും നിരോധനം സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കണമെന്നും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നിരോധനം.
നിരോധനം സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡ് ശബരിമല ഡെവലപ്മെന്റ് പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ വിവിധ സ്ഥലങ്ങളില്‍ അടിയന്തരമായി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post