തിരുവനന്തപുരം: ഉത്സവകാലത്തെ കമ്പോള ഇടപെടല്‍ ശക്തമാക്കി ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സപ്ലൈകോ ക്രിസ്മസ് മാര്‍ക്കറ്റുകളും ജില്ലാ ഫെയറുകളും ആരംഭിക്കും. സംസ്ഥാനതല ഉത്ഘാടനം 16ന് വൈകുന്നേരം ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നടത്തും.
വിപണന കേന്ദ്രങ്ങളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുമുണ്ടാകും. ഡിസംബര്‍ 16 ന് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ക്രിസ്മസ് ജില്ലാ ഫെയര്‍ 24 വരെ പ്രവര്‍ത്തിക്കും. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ (ഞായറാഴ്ച ഉള്‍പ്പെടെ) ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. ക്രിസ്മസ് ഉല്‍സവകാലം ആഘോഷകരമാക്കുന്നതിലേക്കായി ക്രിസ്മസ് കേക്ക് ബേക്കറി വിഭവങ്ങള്‍ എന്നിവ മിതമായ വിലയില്‍ ക്രിസ്മസ് ഫെയറുകള്‍ വഴി നല്‍കാനും സപ്ലൈകോ ഒരുങ്ങിയിട്ടുണ്ട്.
Discussion about this post